വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകണമെന്ന് തെര. കമ്മീഷൻ; പറയുന്നത് കളവാണെങ്കിൽ നടപടി എടുക്കട്ടെയെന്ന് രാഹുൽ

Advertisement

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയിൽ പരാതിയുണ്ടെങ്കിൽ പ്രതിജ്ഞാ പത്രത്തോടൊപ്പം അത് രേഖാമൂലം നൽകാൻ കഴിയും. കള്ളവിവരം നൽകുന്നെങ്കിൽ നടപടി എടുക്കാം എന്ന ചട്ടമുള്ളപ്പോൾ ഇതിന് രാഹുൽ ഗാന്ധി തയ്യാറാണോ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിക്കുന്ന ചോദ്യം. എന്നാൽ പ്രതിജ്ഞാപത്രം നൽകില്ലെന്നും പൊതുപ്രവർത്തകനായ താൻ പരസ്യമായി പറയുന്നത് കളവാണെങ്കിൽ കമ്മീഷൻ നടപടി എടുക്കട്ടെ എന്നും രാഹുൽ ഗാന്ധി തിരിച്ചടിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റിയെന്നും സിസിടിവി ദൃശങ്ങൾ 45 ദിവസം കഴിയുമ്പോൾ നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞതായും രാഹുൽ ഗാന്ധി പറഞ്ഞു.

ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടാക്കി. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചുവെന്നും സെക്കന്റുകൾ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് കണക്കുകൾ നിരത്തി രാഹുൽ ഗാന്ധി വിശദീകരിച്ചത്.

Advertisement