22 കുട്ടികളെ ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി; ബിരുദം പൂർത്തിയാകുന്നത് വരെ എല്ലാ വിദ്യാഭ്യാസ ചെലവുകളും പൂർണമായി വഹിക്കും

Advertisement

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തി സംഘർഷത്തിൽ മാതാപിതാക്കളെയോ കുടുംബത്തിൻറെ അത്താണിയെയോ നഷ്ടപ്പെട്ട 22 കുട്ടികളെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഏറ്റെടുക്കും. പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ അനാഥരായ ഈ കുട്ടികളുടെ വിദ്യാഭ്യാസം, ബിരുദം പൂർത്തിയാകുന്നത് വരെ രാഹുൽ ഗാന്ധി പൂർണമായും ഏറ്റെടുക്കുമെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാറയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വിദ്യാർത്ഥികൾക്ക് പഠനം മുടക്കമില്ലാതെ തുടരാൻ ഈ ആഴ്ച തന്നെ ആദ്യഘട്ട സഹായധനം വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മെയ് മാസത്തിൽ പൂഞ്ച് സന്ദർശിച്ചപ്പോൾ, രാഹുൽ ഗാന്ധി ദുരിതബാധിതരായ കുട്ടികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാൻ പ്രാദേശിക പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ സർവേയ്ക്ക് ശേഷം സർക്കാർ രേഖകൾ പരിശോധിച്ച് കുട്ടികളുടെ പേരുകൾ അന്തിമമാക്കിയിട്ടുണ്ട്.

തൻറെ സന്ദർശന വേളയിൽ, ഷെല്ലാക്രമണത്തിൽ മരിച്ച 12 വയസ്സുകാരായ ഇരട്ടകളായ ഉർബ ഫാത്തിമയുടെയും സൈൻ അലിയുടെയും സഹപാഠികളെ കാണാൻ രാഹുൽ ഗാന്ധി ക്രിസ്റ്റ് പബ്ലിക് സ്കൂളിലും എത്തിയിരുന്നു.

നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെ നിങ്ങൾക്ക് നഷ്ടപ്പെട്ടതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇപ്പോൾ നിങ്ങൾക്ക് അൽപ്പം ഭയവും അപകടവും തോന്നുന്നുണ്ടാകാം, എന്നാൽ വിഷമിക്കേണ്ട. എല്ലാം സാധാരണ നിലയിലാകും. ഇതിനോടുള്ള നിങ്ങളുടെ പ്രതികരണം നന്നായി പഠിക്കുകയും നന്നായി കളിക്കുകയും സ്കൂളിൽ ധാരാളം കൂട്ടുകാരെ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് എന്ന് രാഹുൽ ഗാന്ധി കുട്ടികളോട് പറഞ്ഞു.

പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച മേഖലകളിലൊന്നായ പൂഞ്ചിൽ കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. സംഘർഷം രൂക്ഷമായപ്പോൾ കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചീളുകൾ തറച്ച് വീഹാൻ ഭാർഗവ് എന്ന കൊച്ചുകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഈ വർഷം ഏപ്രിൽ 22ന് 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഇതിന് പ്രതികാരമായി ഇന്ത്യ പാക് അധിനിവേശ കശ്മീരിലും പാകിസ്ഥാനിലുമായി ഒമ്പത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിടുകയും 100-ലധികം ഭീകരരെ വധിക്കുകയും ചെയ്തു. മെയ് ഏഴിലെ ഓപ്പറേഷന് ശേഷം, മെയ് 10ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിൽ എത്തിയിരുന്നു.

Advertisement