പ്രതിയും പരാതിക്കാരിയും വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ ബലാത്സംഗക്കേസില്‍ വിചിത്ര വിധിയുമായി സുപ്രീംകോടതി. പ്രതിയോട് പരാതിക്കാരിക്ക് പൂക്കള്‍ നല്‍കി വിവാഹാഭ്യര്‍ഥന നടത്താന്‍ കോടതി നിര്‍ദേശിച്ചു. ഇത് പെണ്‍കുട്ടി സ്വീകരിച്ചതോടെ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഉത്തരവുമിറക്കി.
ജസ്റ്റിസ് ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചിലാണ് അപൂര്‍വ സംഭവം അരങ്ങേറിയത്. മധ്യപ്രദേശ് സ്വദേശിയായ സന്ദീപ് താക്കൂര്‍ വിവാഹ വാഗ്-ദാനം നല്‍കി അഞ്ച് വര്‍ഷം പീഡിപ്പിച്ചു എന്നായിരുന്നു പരാതി. വിചാരണക്കോടതി ഇയാള്‍ക്ക് 10 വര്‍ഷം തടവ് വിധിച്ചിരുന്നു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്. കോടതി തന്നെയാണ് പൂക്കള്‍ ഏര്‍പ്പാടാക്കിയതെന്ന് മധ്യപ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ. മൃണാള്‍ ഗോപാല്‍ ഏകര്‍ പറഞ്ഞു.
വിവാഹത്തിന്റെ തീയതിയും മറ്റു കാര്യങ്ങളും തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിവാഹം പെട്ടെന്നുതന്നെ നടക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. പ്രതി ജയിലിലേക്കു മടങ്ങിയ ശേഷം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയാല്‍ ജാമ്യം നല്‍കും.
ഇരുവരും സാമൂഹിക മാധ്യമത്തിലൂടെയാണ് അടുക്കുന്നത്. 2016 മുതല്‍ 2021 വരെ ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു. വിവാഹവാഗ്ദാനത്തില്‍നിന്ന് കാമുകന്‍ പിന്മാറിയതിനാലാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് യുവതി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്. വിവാഹത്തിന് തയ്യാറാണെന്നു കാണിച്ച് 2024 സെപ്റ്റംബറില്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബല്‍പുര്‍ ബഞ്ചിന് പ്രതി അപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.