ന്യൂഡെല്‍ഹി.മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ കനത്ത സുരക്ഷയിൽ എൻ ഐ എ ആസ്ഥാനത്ത്. ഗൂഢാലോചനയിൽ ഉൾപ്പെടെ റാണക്കെതിരെ തെളിവ് കണ്ടൈത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യുഎസ്.
ഡൽഹി എൻ ഐ ആസ്ഥാനത്ത് പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന സെല്ലിലാണ് തഹാവൂർറാണയെ പാർപ്പിച്ചിരിക്കുന്നത് സിസിടിവി അടക്കമുള്ള സുരക്ഷാക്രമീകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 12 അംഗ അന്വേഷണ സംഘം രാവിലെയോടെ എൻഐഎ ആസ്ഥാനത്തെത്തി തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. എൻ ഐ എ ഉദ്യോഗസ്ഥർ, രഹസ്യ അന്വേഷണ ഏജൻസികൾ, തീവ്രവാദ വിരുദ്ധ,
ക്രിമിനോളജി എന്നിവയിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ , ഫോറൻസിക് സൈക്കോളജിസ്റ്റുകൾ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. കേസിലെ മുഖ്യസൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിമായുള്ള റാണയുടെ ബന്ധം, ഇന്ത്യാ സന്ദർശനം, പാക് ഭീകര സംഘടനകളുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ചാണ് റാണയിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ തേടുന്നത്.
അതിനിടെ റാണയെ ഇന്ത്യയ്ക്ക് കൈമാറിയ ചിത്രങ്ങൾ യുഎസ് പുറത്തുവിട്ടു. അതീവ സുരക്ഷാക്രമീകരണങ്ങളിൽ ചങ്ങലയിട്ട് റാണയെ കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ജീവൻ നഷ്ടമായ 166 പേർക്ക് നീതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് റാണയെ കൈമാറിയതെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് വ്യക്തമാക്കി.
20 ദിവസം കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും അന്വേഷണസംഘത്തിന് 18 ദിവസമാണ് കോടതി അനുവദിച്ചത്. ഇതിനുള്ളിൽ
തഹാവൂർ റാണയിൽ നിന്ന് ഭീരാക്രമണവുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.