ഡോ വന്ദനയെ ആക്രമിച്ചപോലെ ചെന്നൈയിലും, കുത്തേറ്റ് ഡോക്ടര്‍ ഗുരുതരനിലയില്‍

584
Advertisement

ചെന്നൈ. സർക്കാർ ആശുപത്രിയിൽ കയറി രോഗിയുടെ മകൻ ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു.
കലൈഞ്ജർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ക്യാൻസർ വിഭാഗം ഡോക്ടർ ബാലാജിക്കാണ് പരിക്കേറ്റത് . ആക്രമണം നടത്തിയ പെരുങ്കളത്തൂർ സ്വദേശി വിഗ്നേഷും സുഹൃത്തും പിടിയിലായി.

ഇന്ന് രാവിലെയാണ് സർക്കാർ ആശുപത്രിയിൽ ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്. ചൈന്നൈ ഗിണ്ടിയിലെ കലൈഞ്ജർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ക്യാൻസർ വിഭാഗം ഡോക്ടറാണ് ബാലാജി. പെരുങ്കുളത്തൂർ സ്വദേശി വിഗ്നേഷിന്റെ അമ്മയെ ചികിത്സിക്കുന്നത് ബാലാജിയാണ്. രാവിലെ ആശുപത്രിയിലെത്തിയ വിഗ്നേശും മൂന്ന് സുഹൃത്തുകളും ഡോക്ടറുടെ ക്യാബിനിലേക്ക് കയറി. അമ്മയ്ക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് വിഗ്നേശ് ഡോക്ടറോട് തട്ടിക്കയറി. പിന്നാലെ അരയിലൊളിപ്പിച്ച കത്തിയെടുത്ത് കഴുത്തിൽ രണ്ട് തവണ കുത്തി. ശേഷം ഡോക്ടറുടെ ടേബിൾ നശിപ്പിച്ചു. ശബ്ദം കേട്ട് ക്യാബിന് പുറത്ത് ഉളളവർ എത്തി ഉടൻ തന്നെ ഡോക്ടറെ ഐസിയുവിലേക്ക് മാറ്റി. ഡോക്ടർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആശുപത്രിയധികൃതർ ചേർന്ന് പിടിച്ചുവെച്ചെങ്കിലും ആശുപത്രിപരിസരത്ത് കത്തിയുപേക്ഷിച്ച് വിഗ്നേഷ് രക്ഷപെട്ടിരുന്നു. പിന്നാലെ വിഗ്നേഷിനെയും സുഹൃത്തിനേയും പൊലീസ് പിടികൂടി. കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസ് നിഗമനം.
സർക്കാർ ആശുപത്രിയിലെ ആക്രമണത്തിൽ പ്രതിപക്ഷപാർട്ടികൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. എന്നാൽ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Advertisement