ന്യൂഡെല്‍ഹി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.ജനവിധി തേടുന്നവരിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിംഗ് ചൗഹാൻ, സുപ്രിയ സുലെ എന്നീ പ്രമുഖരും. ഇന്ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തും.നെഹ്‌റു കുടുംബത്തിൽ ഭിന്നതയില്ലെന്ന് റോബർട്ട് വാദ്ര.
94 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 10 സംസ്ഥാനങ്ങളിലുമായും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായും 1,351 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.ഗുജറാത്തിലെ മുഴുവൻ മണ്ഡലങ്ങളും മൂന്നാ ഘട്ടത്തിൽ ജനവിധി തേടും.ബിഎസ്പി സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് രണ്ടാം ഘട്ടത്തിൽ നിന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റിയ മധ്യപ്രദേശിലെ ബേത്തുൽ മണ്ഡലത്തിലെ വോട്ടെടുപ്പും മറ്റന്നാൾ നടക്കും.ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ.
അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാമ ക്ഷേത്ര ദർശനം നടത്തിയ ശേഷമായിരിക്കും റോഡ് ഷോയിൽ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ സന്ദർശന പശ്ചാത്തലത്തിൽ യുപിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ വീണ്ടും പ്രതികരണവുമായി റോബർട്ട് വാദ്രയെത്തി.സീറ്റുകൾ നിശ്ചയിക്കുന്നത് പാർട്ടിയുടെ തീരുമാനമാണെന്നും ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും വാദ്ര പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെലങ്കാന കേന്ദ്രീകരിച്ചായിരിക്കും ഇന്ന് പ്രചാരണം നടത്തുക


































