നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടുകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ രേഖപ്പെടുത്താമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. മോക് പോളിംഗ് വെളുപ്പിന് 5.30ന് നടത്തുമെന്നും വ്യക്തമാക്കി.
കണ്‍ട്രോള്‍ യൂണിറ്റിലെ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി കണ്‍ട്രോള്‍ യൂണിറ്റില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുന്നതോടെയാണ് മോക്‌പോള്‍ പ്രക്രിയ ആരംഭിക്കുന്നത്. കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസ്പ്ലേ എല്ലാ സ്ഥാനാര്‍ഥികള്‍ക്കു നേരെയും പൂജ്യം വോട്ടാണ് പ്രദര്‍ശിപ്പിക്കുക. ശേഷം വിവിപാറ്റിന്റെ ബാലറ്റ് കമ്പാര്‍ട്ടുമെന്റും തുറന്ന് ശൂന്യമാണെന്ന് പോളിങ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫീസര്‍ ബോധ്യപ്പെടുത്തും. അതിനുശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോള്‍. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്ത് പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തും.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പ്രിസൈഡിങ് ഓഫീസര്‍ ‘ക്ലിയര്‍ ബട്ടണ്‍’ അമര്‍ത്തി മോക്ക്‌പോള്‍ ഫലം മായ്ക്കും. വോട്ടുകളൊന്നും അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഡിസ്‌പ്ലേയില്‍ പൂജ്യം വോട്ടുകള്‍ കാണിക്കുന്നതിന് ‘ടോട്ടല്‍’ ബട്ടണ്‍ അമര്‍ത്തുകയും വിവിപാറ്റ് ബാലറ്റ് കമ്പാര്‍ട്ട്‌മെന്റ് ശൂന്യമാണെന്ന് വീണ്ടും പോളിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും സീല്‍ ചെയ്യുന്നു. ഇതിന് ശേഷമാണ് ബൂത്തില്‍ യഥാര്‍ത്ഥ വോട്ടെടുപ്പ് ആരംഭിക്കുക.
വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. നിശ്ചിതസമയം കഴിഞ്ഞും വോട്ട് ചെയ്യാന്‍ ആളുകള്‍ ക്യൂവിലുണ്ടെങ്കില്‍, അവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കും. ഇതിനായി വരിയില്‍ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന ആള്‍ മുതല്‍ മുന്നോട്ട് പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിട്ട ടോക്കണുകള്‍ വിതരണം ചെയ്യും. വരിയുടെ അവസാനം നില്‍ക്കുന്ന ആള്‍ക്ക് ഒന്നാം നമ്പര്‍ ടോക്കണും, തൊട്ടു മുന്നിലുള്ളവര്‍ക്ക് രണ്ട്, മൂന്ന് എന്നിങ്ങനെ ക്രമത്തില്‍ ടോക്കണുകള്‍ നല്‍കി വരിയുടെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആള്‍ക്ക് അവസാനത്തെ നമ്പര്‍ ടോക്കണ്‍ ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇത്തരത്തില്‍ ടോക്കണ്‍ ലഭിക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാവുന്നതാണ് എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.































