ഭിന്നശേഷി വിഭാഗത്തിലെ വോട്ടര്‍മാര്‍ക്കായി വോട്ടിംഗ്ദിനത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. എല്ലാ പോളിങ് സ്റ്റേഷനുകളിലും റാമ്പ്, ഇരിപ്പിടം, അടിയന്തിര ചികിത്സ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തും. കുടിവെള്ളം, വാഹന സൗകര്യവും വോട്ടര്‍മാര്‍ക്കായി ഉറപ്പാക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ഒരുക്കിയ ഭിന്നശേഷി സൗഹൃദ പോളിങ് സ്റ്റേഷനില്‍ (ഇന്ക്ലൂസീവ് പോളിങ് സ്റ്റേഷന്‍) വോട്ടര്‍മാരെ സഹായിക്കാന്‍ നാലു അംഗനവാടി പ്രവര്‍ത്തകരെയും ഇതര പോളിങ് സ്റ്റേഷനുകളില്‍ ഓരോ അംഗനവാടി ജീവനക്കാരിയും എന്‍ എസ് എസ് വോളന്റിയറും ഉണ്ടാകും.
Also Read:
പത്തനാപുരം നിയോജകമണ്ഡലത്തിലെ വിളക്കുടി സര്‍ക്കാര്‍ എല്‍ പി എസില്‍ ഒരുക്കുന്ന 134 ആം പോളിങ് സ്റ്റേഷനാണ് ജില്ലയിലെ ഭിന്നശേഷി സൗഹൃദ (ഇന്‍ക്ലൂസീവ്) പോളിങ് സ്റ്റേഷന്‍. കാഴ്ച, കേള്‍വി പരിമിതിയുള്ളവര്‍ക്കും ഓട്ടിസം ബാധിതരായവര്‍ക്കും സുഗമമായി വോട്ട് ചെയ്യാന്‍ കഴിയും വിധം മാഗ്‌നിഫൈയിങ് ഷീറ്റുകള്‍, ബൂത്തുകളുടെ പ്രവേശന കവാടം മുതല്‍ എക്സിറ്റ് പോയിന്റ് വരെ സ്പര്‍ശനം വഴി സഞ്ചരിക്കാന്‍ കഴിയുന്ന ഇടനാഴികള്‍, വീല്‍ചെയര്‍ സൗകര്യം, വീല്‍ചെയറിലിരുന്ന് വോട്ട് ചെയ്യാനായി പ്രത്യേകം തയാറാക്കിയ ടേബിളുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ബൂത്തിന് പുറത്ത് സൈന്‍ ലാന്‍ഗ്വേജ് വഴി വോട്ടിങ് പ്രക്രിയ ഓഡിയോ സഹായത്തോടെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.






























