ഏപ്രില്‍ ഏഴു മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍, ക്ഷേത്രഭരണ സമിതി എന്നിവരുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.
ആനന്ദവലീശ്വരം ക്ഷേത്രം മുതല്‍ ആശ്രാമം വരെ സംഘടിപ്പിക്കുന്ന ഘോഷയാത്രയ്ക്കായി ഗതാഗത ക്രമീകരണം നടത്തണം. ഉത്സവത്തിന് ആനകളെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലനചട്ടം അനുസരിച്ചായിരിക്കണം.
Also Read:
പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഇതിനായി നിയോഗിക്കും. ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കണം. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ മയക്കുവെടി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കും. മൂന്ന് കോടി രൂപയുടെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ആനകളുടെ അടുത്ത്‌നിന്ന് വാദ്യോപകരണങ്ങള്‍, പടക്കം എന്നിവ ഉപയോഗിക്കരുത്. ഡ്രോണ്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയും ആനയുടെ സമീപമില്ലെന്നു ഉറപ്പാക്കണം.
തടസരഹിത വൈദ്യുതി ഉറപ്പാക്കാന്‍ കെ എസ് ഇ ബിയെ ചുമതലപ്പെടുത്തി. ഉത്സവം നടക്കുന്ന ദിവസങ്ങളില്‍ പ്രദേശം മദ്യനിരോധിതമേഖലയായി എക്‌സൈസ് വകുപ്പ് പ്രഖ്യാപിക്കും. കോര്‍പറേഷന്‍ ശുദ്ധജലവിതരണം നടത്തും. മേഖലയിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 3 സ്‌ക്വാഡുകളെ നിയോഗിക്കും. തിരക്ക് നിയന്ത്രണത്തിന് പ്രത്യേക പദ്ധതി ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.അടിയന്തര
സാഹചര്യങ്ങള്‍ നേരിടാന്‍ അഗ്‌നി സുരക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. ആംബുലന്‍സ് സേവനം ഉള്‍പ്പടെയുള്ള അടിയന്തര ചികിത്സ സൗകര്യങ്ങള്‍ ഒരുക്കും. ഉത്സവ സമയത്ത് ഉച്ചഭാഷിണികളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും അറിയിച്ചു.
എ ഡി എം കെ വിനീത്, സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.































