ശാസ്താംകോട്ട : ജില്ലയിലെ ഏക സംവരണ മണ്ഡലമായ കുന്നത്തൂരിൻ്റെ ഉയിര് ഇത്തവണ ആർക്കൊപ്പമാണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കയർ – കശുവണ്ടി- കർഷക തൊഴിലാളികളും ദളിത്-പിന്നോക്ക വിഭാഗങ്ങളും ഏറെ അധിവസിക്കുന്ന കുന്നത്തൂരിൽ ഇത്തവണ വികസനം ചർച്ച ചെയ്യപ്പെടുമ്പോൾ മണ്ഡലം നിലനിറുത്താൽ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും എൻ.ഡി.എയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ കുന്നത്തൂരിലെ തെരഞ്ഞെടുപ്പ് ഗോദയും ചൂടുപിടിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് ന് വേണ്ടി ആർ.എസ് .പി (ലെനിനിസ്റ്റി) ലെ കോവൂർ കുഞ്ഞുമോനും യു.ഡി.എഫ് ന് വേണ്ടി ആർ.എസ്.പിയിലെ ഉല്ലാസ് കോവൂരും എൻ.ഡി.എയ്ക്ക് വേണ്ടി ബി.ജെ.പിയുടെ രാജി പ്രസാദും മൽസരിക്കുമ്പോൾ 2021 ലെ തനിയാവർത്തനമാണ് 2026 ലും കുന്നത്തൂരിൽ നടക്കുന്നത്. ഇതിൽ കോവൂർ കുഞ്ഞുമോനും ഉല്ലാസ് കോവൂരും അടുത്ത ബന്ധുക്കളാണ് എന്ന പ്രത്യേകതയും ഉണ്ട്.
1965 വരെ അടൂർ ദ്വയാംഗ മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന കുന്നത്തൂർ 1967 ലാണ് ഏകാംഗ മണ്ഡലവും സംവരണ മണ്ഡലവുമായത്. മണ്ഡലം രൂപീകൃതമായതിന് ശേഷം 1982 ൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോട്ടക്കുഴി സുകുമാരൻ ഒരു തവണ ജയിച്ചതൊഴിച്ചാൽ മറ്റ് എല്ലാ തവണയും എൽ.ഡി.എഫ് ആണ് ഇവിടെ ജയിച്ചു വരുന്നത്. അതുകൊണ്ട് തന്നെ കുന്നത്തൂർ ഇടത് പക്ഷത്തിൻ്റെ ഉരുക്കുകോട്ട എന്നാണ് അറിയപ്പെടുന്നത്.
എൽ.ഡി.എഫിൽ ആർ.എസ്.പിയാണ് മണ്ഡലത്തിൽ സ്ഥിരമായി മൽസരിക്കുന്നത്. കല്ലടനാരായണൻ, ടി. നാണു മാസ്റ്റർ, കോവൂർ കുഞ്ഞുമോൻ എന്നിവരാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തവർ. ഇതിൽ 2001 മുതൽ 5 തവണയായി കോവൂർ കുഞ്ഞുമോൻ നിയമസഭാ അംഗമാണ്. ആർ.എസ്.പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ ചേർന്നപ്പോൾ കോവൂർ കുഞ്ഞുമോനും യു.ഡി.എഫിൻ്റെ ഭാഗമായി. എന്നാൽ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ആർ.എസ്.പി (ലെനിനിസ്റ്റി) എന്ന പാർട്ടി രൂപവത്ക്കരിച്ച് എൽ.ഡി.എഫിൻ്റെ ഭാഗമാവുകയും തെരഞ്ഞെടുപ്പിൽ മൽസരിച്ച് വരികയുമാണ്.
നിലവിൽ കുന്നത്തൂർ, ശാസ്താംകോട്ട,പോരുവഴി, ശൂരനാട് വടക്ക്,ശൂരനാട് തെക്ക്, പടി. കല്ലട, മൈനാഗപ്പള്ളി, പവിത്രേശ്വരം, കിഴക്കേ കല്ലട . മൺട്രോതുരുത്ത് എന്നീ 10 പഞ്ചായത്തുകളാണ് മണ്ഡലത്തിൻ്റെ ഭാഗമായി ഉള്ളത്. കുന്നത്തൂരിൻ്റെ ഭാഗമായിരുന്ന തഴവ ഗ്രാമ പഞ്ചായത്തിനെ കരുനാഗപ്പള്ളി മണ്ഡലത്തോട് ചേർത്തും കുണ്ടറ മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന കിഴക്കേ കല്ലടയും മൺട്രോതുരുത്തും നെടുവത്തുർ മണ്ഡലത്തിൻ്റെ ഭാഗമായിരുന്ന പവിത്രേശ്വരവും കുന്നത്തൂരിനോടൊപ്പം ചേർത്തുമാണ് നിലവിലെ മണ്ഡലം പുനക്രമീകരണം നടത്തിയിട്ടുള്ളത്.
സമകാലീക രാഷ്ട്രീയത്തോടൊപ്പം കുന്നത്തൂരിൻ്റെ വികസനമാണ് ഇവിടെ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ശാസ്താംകോട്ട കായൽ സംരക്ഷണം, താലൂക്ക് ആശുപത്രി വികസനം, മൈനാഗപ്പള്ളി മേൽപ്പാല നിർമ്മാണം, ശാസ്താംകോട്ട റെയിൽവേസ്റ്റേഷൻ വികസനം, പൈപ്പ് റോഡ് വികസനം, കെ.എസ്.ആർ.റ്റി.സി ഡിപ്പോ യാഥാർത്ഥ്യമാകാത്തത്, വിവിധ പാലങ്ങളുടെ നിർമ്മാണം, സർക്കാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇല്ലാത്തത്, റോഡുകളുടെ തകർച്ച ,യാത്രാക്ലേശം തുടങ്ങിയവ തെരഞ്ഞെടുപ്പ് ചർച്ചകളിലെ ചിലത് മാത്രം.
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം, മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ 6 പഞ്ചായത്തുകളിൽ ലഭിച്ച ഭരണം, എൽ.ഡി.എഫിൻ്റെ കെട്ടുറപ്പ്, കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്ന നിലയിൽ കഴിഞ്ഞ 25 വർഷമായി മണ്ഡലത്തിൽ സ്ഥാപിച്ച വ്യക്തിബന്ധങ്ങൾ തുടങ്ങിയവ ഇത്തവണയും തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് കരുതുന്നു.
2 തവണ പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ചത്, സ്ഥാനാർത്ഥിത്വം നേരത്തേ തന്നെ പ്രഖ്യാപിച്ചത്, 2016 ൽ എൽ . ഡി .എഫ്ന് ലഭിച്ച 20000 ൽ അധികം ഭൂരിപക്ഷം 2021 ൽ 2 700 ആയി കുറയ്ക്കാർ സാധിച്ചത്, ഇത്തവണ എങ്കിലും മണ്ഡലംതിരിച്ചു പിടിക്കണമെന്ന നേതാക്കളുടെയും പ്രവർത്തകരും ആത്മവിശ്വാസം
തുടങ്ങിയവ തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് ക്യാമ്പ് വിശ്വസിക്കുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ച വലിയ മുന്നേറ്റം, ചിട്ടയായ പ്രവർത്തനം, കേന്ദ്രത്തിന്‍റെ അഥവാ മോദിയുടെ രാഷ്ട്രീയ കരുത്ത്, വികസനത്തിന് വേണ്ടിയുള്ള വോട്ട് അഭ്യർത്ഥന,മണ്ഡലം നേരിടുന്ന വിവിധ പ്രശനങ്ങൾക്കുള്ള പരിഹാര ഉറപ്പുകൾ തുടങ്ങിയവ തങ്ങൾക്ക് അനുകൂലമാകുമെന്ന് എൻ.ഡി.എയും കരുതുന്നു.
കോവൂർ കുഞ്ഞുമോൻ
2001 മുതൽ കുന്നത്തൂർ എം.എൽ.എ,ആർ.എസ്. പി ( ലെ നിനിസ്റ്റ്) സ്ഥാപക നേതാവ്, കുന്നത്തൂരില ആറാം അങ്കം
ഉല്ലാസ് കോവൂർ
മാധ്യമ- സിനിമ പ്രവർത്തകർ,
നാടൻപാട്ട് കലാകാരൻ, ആർ. വൈ. എഫ് സംസ്ഥാന പ്രസിഡൻ്റ്, കുന്നത്തൂരിലെ മൂന്നാം അങ്കം.
രാജി പ്രസാദ്
ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ്. 2016 ൽ ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലും 2020 ൽ കല്ലുവാതുക്കൽ ജില്ലാ പഞ്ചായത്തിലേക്കും മൽസരിച്ചിരുന്നു. 2005-10 കാലഘട്ടത്തിൽ ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.
കുന്നത്തൂരിൽ രണ്ടാം അങ്കം.
വോട്ടു നില 2021
കോവൂർ കുഞ്ഞുമോൻ
(എൽ.ഡി.എഫ് – ആർ. എസ്. പി ലെനിനിസ്റ്റ്) -69436
ഉല്ലാസ് കോവൂർ
(യു.ഡി.എഫ് ആർ.എസ്. പി ) 66646
രാജി പ്രസാദ് (എൻ.ഡി.എ ബി. ജെ. പി ) 21136
കോവൂര്‍ കുഞ്ഞുമോന് ഭൂരിപക്ഷം -2790




































