ശാസ്താംകോട്ട.കോവൂര്‍ കുഞ്ഞുമോന്‍റെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ ഒരു പത്രിക പിന്‍വലിച്ചതായി അറിയിക്കുകയും സ്വതന്ത്രനായി നല്‍കിയ പത്രിക വരണാധികാരി അംഗീകരിക്കുകയും ചെയ്തു.
കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പി ലെനിനിസ്റ്റ് അംഗം എന്ന രീതിയിലും സ്വതന്ത്രന്‍ എന്ന രീതിയിലും രണ്ടുപത്രികകള്‍ നല്‍കിയത് അംഗീകരിക്കാനാവില്ല എന്നതാണ് യുഡിഎഫ് ഉയര്‍ത്തിയ വാദം. രണ്ടു പത്രികയിലും രണ്ടു തരത്തിലാണ് വിവരങ്ങള്‍ എന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക് രജിസ്ട്രേഷന്‍ ഇല്ല എന്നും ഇവര്‍ വാദിച്ചു.
ആര്‍എസ്പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറിയായ അഡ്വ .ബലദേവ് തങ്ങള്‍ ഇങ്ങനെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല എന്ന വാദമുഖവും ഉന്നയിച്ചിരുന്നു. എന്നാല്‍ ബലദേവിന് താന്‍ആ പാര്‍ട്ടിയുടെ സെക്രട്ടറിയാണ് എന്ന് തെളിയിക്കാന്‍ രേഖകളൊന്നും നല്‍കാനായില്ല. ഇതോടെ പാര്‍ട്ടി സ്ഥാനാര്‍ഥി എന്ന നിലയിലെ പത്രിക പിന്‍വലിച്ചാല്‍ കുഞ്ഞുമോന്‍ സ്വതന്ത്രന്‍ എന്ന നിലക്കു നല്‍കിയ പത്രിക അംഗീകരിക്കാമെന്ന് വരണാധികാരി തീരുമാനിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം ആണ് ഒഴിവായത്. കോവൂര്‍ കുഞ്ഞുമോന്‍റെ പത്രിക തള്ളിയേക്കും എന്ന സൂചന ലഭിച്ചതോടെ സംസ്ഥാന തലത്തില്‍ നിന്ന് അടക്കം ഇടതു നേതാക്കള്‍ കുന്നത്തൂരിലെ പാര്ട്ടി നേതൃത്വത്തോട് ബന്ധപ്പെടുകയായിരുന്നു.
രണ്ട് തരത്തില്‍ പത്രിക ഒരാള്‍ക്ക് സമര്‍പ്പിക്കാമോ എന്നത് സംബന്ധിച്ച് ഉന്നതതലത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ആര്‍എസ്പി നേതാക്കള്‍ പറഞ്ഞു.



































