ശാസ്താംകോട്ട:നാമനിർദ്ദേശ പത്രികയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കുന്നത്തൂർ നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ്റെ പത്രിക തള്ളാൻ സാധ്യതയെന്ന് സൂചന.
രണ്ട് സെറ്റ് പത്രികയാണ് വരണാധികാരിയായ കുന്നത്തൂർ തഹസീൽദാർക്ക് സമർപ്പിച്ചിരുന്നത്.ഒരു സെറ്റ് പത്രികയിൽ താൻ ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടിയുടെ പ്രതിനിധിയാണെന്നും,അടുത്ത സെറ്റ് പത്രികയിൽ താൻ സ്വതന്ത്ര സ്ഥാനാർത്ഥിയെന്നുമാണ് കുഞ്ഞുമോൻ രേഖപ്പെടുത്തിയിട്ടുള്ളത്.ഇന്ന് (ചൊവ്വ) സൂക്ഷ്മപരിശോധന നടക്കവേ പത്രികയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്തെത്തുകയായിരുന്നു.
പത്രിക തള്ളമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാവ് കെ.ജി വിജയദേവൻ പിള്ള വരണാധികാരിക്ക് പരാതി നൽകുകയും ചെയ്തു.ഒരാൾക്ക് ഒരേ സമയം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായും സ്വതന്ത്ര സ്ഥാനാർത്ഥിയായും മത്സരിക്കുന്നതിന് വേണ്ടി വ്യത്യസ്ത നാമനിർദ്ദേശ പത്രിക നൽകുന്നത് അയോഗ്യതയാണെന്നും,ആർഎസ്പി (ലെനിനിസ്റ്റ്) രജിസ്റ്റേഡ് പാർട്ടിയല്ലെന്നും പരാതിയിൽ പറയുന്നു.പരാതിയെ തുടർന്ന് തീരുമാനമെടുക്കുന്നതിനായി വരണാധികാരി പകൽ 3 വരെ ‘ഹോൾഡ്’ ചെയ്തിരിക്കയാണ്.
അതിനിടെ തങ്ങളുടെ പാർട്ടി തെരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ലെന്നും ഇതിനാൽ കുഞ്ഞുമോൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് ആർഎസ്പി (ലെനിനിസ്റ്റ്) സംസ്ഥാന സെക്രട്ടറി അഡ്വ.ബലദേവും രംഗത്തെത്തി.ആവശ്യം ഉന്നയിച്ച് കുന്നത്തൂർ തഹസീൽദാർക്ക് പരാതി നൽകിയിട്ടുണ്ട്. ഭരണതലത്തിലെ ഇടപെടലിലൂടെ പത്രിക തള്ളാതെ വന്നാൽ അടിയന്തിരമായി കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.



































