ശാസ്താംകോട്ട:യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ അയ്യപ്പൻ്റെ സ്വർണം കട്ടവരെയെല്ലാം ജയിലിൽ അടയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി മുന്നറിയിപ്പ് നൽകി.ഭരണിക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന കുന്നത്തൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദ്വാരപാലശില്പവും കട്ടിളയും സ്വർണപ്പാളികളുമടക്കം കട്ടുമുടിച്ചവരെല്ലാം സ്വഭാവിക ജാമ്യം നേടി നാട്ടിൽ വിലസുകയാണ്.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമലയിലെ സ്വർണക്കൊള്ള മറയ്ക്കാൻ പിണറായിയും പൊലീസും നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചത്.അധികാരത്തിൽ എത്തിയാൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ സ്വീകരിച്ച നിലപാട് സുപ്രീം കോടതിയിൽ തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി. സിപിഎം ജീർണതയുടെ വക്കിലാണ്.കൊട്ടാക്കരയിൽ തുടങ്ങി അമ്പലപ്പുഴയിൽ ആവർത്തിച്ച് പയ്യന്നൂരിലും തളിപ്പറമ്പിലും
പൊട്ടിത്തെറിച്ച് സിപിഎം എരിഞ്ഞടങ്ങി കൊണ്ടിരിക്കയാണെന്നും കെ.സി ചൂണ്ടിക്കാട്ടി.ഇക്കുറി കേരള നിയമസഭയിൽ യുഡിഎഫ് മുഖ്യമന്ത്രിക്ക് കയ്യടിക്കാനും ഈ നാടിൻ്റെ വികസനവും കരുതലും ഉറപ്പാക്കാനും കുന്നത്തൂരിൽ നിന്നും ഒരാൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ഈ നാട് അതാഗ്രഹിക്കുന്നു.ഉല്ലാസ് കോവൂരിനെ ചരിത്രവിജയത്തിൽ നിയമസഭയിലേക്ക് എത്തിക്കാൻ ഊണും ഉറക്കവുമൊഴിച്ച് എല്ലാവരും പ്രവർത്തിക്കണമെന്ന് അദ്ദേഹം നേതാക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ടു.യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ് അധ്യക്ഷത വഹിച്ചു.എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,എൻ.കെ പ്രേമചന്ദ്രൻ,പി.രാജേന്ദ്രപ്രസാദ്,
കെ.സി രാജൻ,കെ.എസ് വേണുഗോപാൽ,കല്ലട ഫ്രാൻസിസ്,ഇടവനശേരി സുരേന്ദ്രൻ, എം.വി ശശികുമാരൻ നായർ,അഡ്വ.കുറ്റിയിൽ ഷാനവാസ്, രതീഷ് കുറ്റിയിൽ,പി.എസ് അനുതാജ്,കാരയ്ക്കാട്ട് അനിൽ, വൈ.ഷാജഹാൻ,ഘടകകക്ഷി നേതാക്കൾ, ഡിസിസി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.



































