കൊല്ലം: ആറു വയസ്സുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കൊല്ലം കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഇരട്ട ജീവപര്യന്തം തടവും ഒന്നരവര്‍ഷം വെറും തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം വടക്കേവിള വില്ലേജില്‍ ശ്രീനഗര്‍ 184 കുന്നേല്‍ വീട്ടില്‍ നിന്നും കിളികൊല്ലൂര്‍ തെങ്ങയ്യം ക്ഷേത്രത്തിന് സമീപം നേതാജി നഗര്‍ 44 കുന്നേല്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സൂര എന്ന സുരേന്ദ്രനെ(65)യാണ് കോടതി ശിക്ഷിച്ചത്. കരുനാഗപ്പള്ളി സ്‌പെഷ്യല്‍ കോടതി ജഡ്ജി രാജീവ് ആണ് ശിക്ഷ വിധിച്ചത്.
2022 ഡിസംബര്‍ മാസം മുതലുള്ള പല ദിവസങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും എതിര്‍പ്പ് പ്രകടിപ്പിച്ച സമയങ്ങളില്‍ കുട്ടിയെ അടിച്ചു വേദനിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. പ്രതിയുടെ നിരന്തരമുള്ള പീഡനത്തെ തുടര്‍ന്ന് മാനസികമായി പെണ്‍കുട്ടി വിഷമിച്ച് ഇരിക്കുന്നത് കണ്ട് കുട്ടിയുടെ അമ്മ കാര്യം തിരക്കിയപ്പോള്‍ ആണ് കുട്ടിക്ക് പ്രതിയില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെ പറ്റി പുറത്തറിഞ്ഞത്. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍. ഗിരീഷാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കിളികൊല്ലൂര്‍ ശേഷം ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എന്‍. ഗിരീഷ്, കെ.ജെ. തോമസ്, സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, വനിതാ പോലീസ് ഉദ്യോഗസ്ഥയായ അനിതകുമാരി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തം തടവിനും ഒന്നരവര്‍ഷം വെറും തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവായിട്ടിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി പ്രേമചന്ദ്രന്‍ ഹാജരായി.





























