കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായനാക്കിയ കേസില്‍ മുഖ്യ പ്രതികളായ രണ്ട് പ്രതികളെ കൂടി ശക്തികുളങ്ങര പോലീസ് പിടികൂടി. ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ഗുരുദേവ നഗര്‍-96 ല്‍ വിമല്‍രാജ് (48), കന്നിമേല്‍ചേരിയില്‍ ഐശ്വര്യ നഗര്‍-118, വാറുര്‍ക്കാവിന് സമീപം പടന്നയില്‍ കിഴക്കതില്‍ വീട്ടില്‍ സനില്‍ കുമാര്‍ (52) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. മരുത്തടി കന്നിമേല്‍ചേരി മരോട്ടിമൂട്ടില്‍ സുനില്‍കുമാര്‍ (58), മരുത്തടി സന്തോഷ് നിവാസില്‍ രതീഷ് (51) എന്നിവര്‍ നേരത്തെ തന്നെ ശക്തികുളങ്ങര പോലീസിന്റെ പിടിയിലായിരുന്നു.
ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലത എം-ന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം എസിപി രാജേഷിന്റെ മേല്‍നോട്ടത്തിലും ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് എം.ആര്‍-ന്റെ നേതൃത്വത്തിലുമുള്ള പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്രയ്ക്കിടെയാണ്
കേസിനാസ്പദമായ സംഭവം ഉണ്ടായത്. പുത്തൂര്‍, ഐവര്‍കാല ഈസ്റ്റ് സോപാനം വീട്ടില്‍ ജയസേനന്റെ മകന്‍ ഹരികൃഷ്ണന്‍ (19) നാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ഉത്സവാഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ ഉള്‍പ്പെട്ട അക്രമി സംഘം ഹരികൃഷ്ണനെയും സഹോദരന്‍ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ആദ്യം കൊല്ലം
ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.





























