ഗ്ലോബൽ എൻവിയോൺമെന്റൽ ഫെസിലിറ്റി ഫണ്ട് – IMWBES: ശാസ്താംകോട്ട തടാകം മാതൃകാ കേന്ദ്രമായി; ആദ്യഘട്ടത്തിന് ₹30 ലക്ഷം അനുവദിച്ചു – കൊടിക്കുന്നിൽ സുരേഷ് എംപി
കൊല്ലം.ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി ഫണ്ടിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ചതുപ്പുനില ജൈവവൈവിധ്യവും പരിസ്ഥിതി സേവനങ്ങളും ഏകീകൃതമായി പരിപാലിക്കുന്ന പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട തടാകത്തിനെ രാജ്യത്തെ മാതൃകാ കേന്ദ്രമായി തെരഞ്ഞെടുത്തതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ₹30 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭയിൽ ചട്ടം 377 പ്രകാരം വിഷയം ഉന്നയിച്ചതിനും തുടർന്ന് നടത്തിയ ഇടപെടലുകൾക്കുമൊടുവിലാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റ വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഈ വിവരം അറിയിച്ചതെന്ന് എംപി പറഞ്ഞു. തടാകത്തിന്റെ പുതുക്കിയ ഏകീകൃത മാനേജ്മെന്റ് പദ്ധതി തയ്യാറാക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് അനുവദിച്ച തുക വിനിയോഗിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി 2001 മുതൽ കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചുവരികയാണ്. ജലപരിസ്ഥിതി സംരക്ഷണ ദേശീയ പദ്ധതിയുടെ ഭാഗമായി ഇതുവരെ ₹88.855 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുടിവെള്ളത്തിന്റെ പ്രധാന ഉറവിടമായ ശാസ്താംകോട്ട തടാകത്തിന്റെ ദീർഘകാല സംരക്ഷണവും ജലസുരക്ഷയും ഉറപ്പാക്കുന്നതിനായി കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കാൻ തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.































