Home News Local ഭരണിക്കാവ് സ്റ്റാൻഡിൻ്റെ പ്രവർത്തനം അട്ടിമറിക്കാൻ ‘തുഗ്ലക്ക്’ പരിഷ്ക്കാരവുമായി വീണ്ടും രാഷ്ട്രീയനേതാക്കള്‍

ഭരണിക്കാവ് സ്റ്റാൻഡിൻ്റെ പ്രവർത്തനം അട്ടിമറിക്കാൻ ‘തുഗ്ലക്ക്’ പരിഷ്ക്കാരവുമായി വീണ്ടും രാഷ്ട്രീയനേതാക്കള്‍

Advertisement

ശാസ്താംകോട്ട:വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഭരണിക്കാവ് ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം തകർക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നേതാക്കള്‍ വീണ്ടും രംഗത്ത്.പല തവണ പരീക്ഷിക്കാൻ ശ്രമിച്ചിട്ടും വിജയിക്കാതെ പോയ ട്രാഫിക് പരിഷ്ക്കാരം പോലീസ് – മോട്ടോർ വാഹനവകുപ്പ് അധികൃതരെ സമ്മർദ്ദത്തിലാക്കി നടപ്പാക്കാനാണ് ശ്രമം. ഭരണിക്കാവിന്‍റെ മുഖഛായ മാറ്റി ശക്തമായി പരിഷ്കാരം നടപ്പാക്കിയ ഡിവൈഎസ്പി സ്ഥലംമാറിപ്പോയി, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. നേതാക്കള്‍ പറയുന്നത് ശരിവയ്ക്കുന്ന ഒരു സംഘം ഉദ്യോഗസ്ഥരെയാണ് പരിപാടി നടപ്പിലാക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമായി മാറിയ പരിഷ്ക്കാരമാണ് എംഎൽഎ മുൻകൈ എടുത്ത് അട്ടിമറിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.മാസങ്ങളായി യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് സ്റ്റാൻ്റ് പ്രവർത്തിച്ചു വരുന്നത്.ഇതിനോടകം നിരവധി തവണ സ്റ്റാൻ്റിൻ്റെ പ്രവർത്തനം തടയാൻ എംഎൽഎ രംഗത്തെത്തുകയും കുറുക്കു വഴികൾ തേടുകയും ചെയ്തിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.എംഎൽഎയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ശാസ്താംകോട്ട പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയുടെ
യോഗത്തിൽ ഭരണിക്കാവിക്കാവിലെ ബസ് ബേകളിൽ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണമെന്നാണ് കർശന തീരുമാനം എടുത്തിരിക്കുന്നത്.നിർദ്ദേശം ലംഘിച്ചാൽ പിഴ ചുമത്തുമെന്നും ഭീഷണിയുണ്ട്.ഫെബ്രുവരി 25 മുതൽ നിർദ്ദേശം നടപ്പിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

യോഗത്തിൽ ശാസ്താംകോട്ട പോലീസ്,കുന്നത്തൂർ ആർടിഒ എന്നിവർ പങ്കെടുത്തു.കടപുഴ,ശാസ്താംകോട്ട, കൊട്ടാരക്കര -അടൂർ,ചക്കുവള്ളി ഭാഗങ്ങളിലേക്കുള്ള റൂട്ടുകളിൽ മുൻപ് ഉണ്ടായിരുന്ന സ്റ്റോപ്പുകളിൽ നിന്നും അല്പം മുന്നോട്ട് മാറി ബസുകൾ നിർത്തണമെന്നാണ് പുതിയ നിർദ്ദേശം.യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത ശേഷം ബസുകൾ സ്റ്റാൻഡിലെത്തി മടങ്ങണം.സ്റ്റാൻ്റിൽ കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യാൻ പ്രത്യേകം സ്ഥലം തിരിച്ച് അടയാളപ്പെടുത്തും.പരിഷ്ക്കാരം യാഥാർത്ഥ്യമായാൽ ബസ് സ്റ്റാൻഡിൽ യാത്രക്കാർ എത്തുന്നത് കുറയുകയും ടൗണിലെ ബസ്സ് സ്റ്റോപ്പുകൾ പഴയതു പോലെ സജീവമാകുകയും ചെയ്യാനാണ് സാധ്യത.

ഇത്തരം സാഹചര്യത്തിൽ ബസുകൾ വഴിപാടുപോലെ സ്റ്റാൻഡിലേക്ക് പോകുന്നതും നിലയ്ക്കും.മുന്‍പ് പരീക്ഷിച്ചുപരാജയപ്പെട്ട രീതിയാണിത്. സ്റ്റാന്‍ഡ് വിജനമാകുന്നതോടെ ടൗണില്‍ അനാവശ്യമായി നിര്‍ത്തിയിടുകയും മല്‍സരിച്ച് വട്ടം കറങ്ങുകകയും ചെയ്യുന്ന ബസുകള്‍ ഗതാഗതകുരുക്കിനും തമ്മിലടിക്കും കാരണമാകും. ടൗണിലെ ഒന്നോ രണ്ടോ ട്രാഫിക് വാർഡന്മാര്‍ക്ക് ഇവരെ നിയന്ത്രിക്കാനോ നടപടി എടുക്കാനോ സാധ്യമല്ല. ടൗണിൽ അതി രൂക്ഷമായ ഗതാഗത കുരുക്കാകും കാത്തിരിക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ധൃതി പിടിച്ച് എംഎൽഎ നടത്തുന്ന ‘തുഗ്ലക്ക്’ പരിഷ്ക്കാരത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.അതിനിടെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൂടുന്ന വിവരം തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുന്നത്തൂർ -കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി അറിയിച്ചു.കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ എംഎൽഎയ്ക്ക് ഏകപക്ഷീയ നിലപാട് എടുക്കാൻ കഴിയില്ലെന്നും,തങ്ങളെ പീഡിപ്പിച്ച് വരുതിയിൽ വരുത്താനാണ് തീരുമാനമെങ്കിൽ സർവ്വീസ് നിർത്തിവച്ച് സമരം ആരംഭിക്കുമെന്നും,തങ്ങൾ ബസ്
തൊഴിലാളികളുടെ താല്പര്യമനുസരിച്ച് പ്രവർത്തിക്കുമെന്നും പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ,സെക്രട്ടറി സഫാ അഷ്റഫ് എന്നിവർ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here