Home News Local രക്ഷാപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠങ്ങളുമായി ജടായുപ്പാറയില്‍ മോക്ഡ്രില്‍

രക്ഷാപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠങ്ങളുമായി ജടായുപ്പാറയില്‍ മോക്ഡ്രില്‍

Advertisement

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ കേബിള്‍ കാര്‍ അപകട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.

അപ്രതീക്ഷിതമായി വീശിയ ശക്തമായ കാറ്റില്‍ കേബിള്‍ കാറുകള്‍ കൂട്ടിമുട്ടുകയും റോപ്പ് വേയില്‍ രണ്ട് കേബിള്‍ കാറുകളിലായി മൂന്ന് പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി രാവിലെ 8.15 ന് ജടായുപ്പാറ അധികൃതര്‍ ചടയമംഗലം പോലീസില്‍ വിവരം അറിയിച്ചതോടെയാണ് മോക്ഡ്രില്‍ ആരംഭിച്ചത്. ചടയമംഗലം പോലീസ്, കടയ്ക്കല്‍ അഗ്‌നിരക്ഷാ നിലയം എന്നിവിടങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ജടായു എര്‍ത്ത് സെന്ററിലെ കേബിള്‍ കാര്‍ വിഭാഗം സേഫ്റ്റി ടീമിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചതോടെ തഹസില്‍ദാര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം തേടി. അതോറിറ്റി അധ്യക്ഷനായ ജില്ലാ കളക്ടര്‍, എന്‍ഡിആര്‍എഫ് സംഘത്തിന്റെ സേവനം ആവശ്യപ്പെട്ടു. ഇന്‍സ്പെക്ടര്‍ പ്രശാന്ത് ജി ചീനാത്തിന്റെ നേതൃത്വത്തില്‍ എത്തിയ എന്‍ഡിആര്‍എഫ് സംഘത്തിലെ റോപ്പ് വേ രക്ഷാപ്രവര്‍ത്തനവിദഗ്ദ്ധരായ മുരളി, ഹരി എന്നിവരും ജടായു എര്‍ത്ത് സെന്റര്‍ സേഫ്റ്റി ടീമും റോപ്പ് വേയിലൂടെ കേബിള്‍ കാറിന് മുകളില്‍ എത്തി വാതിലുകള്‍ തുറന്ന് അകത്തുണ്ടായിരുന്ന മൂന്നു പേരെയും സുരക്ഷിതമായി താഴെയിറക്കി.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി നിര്‍മല്‍ കുമാറിന്റെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്ലില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണം രാജ്യത്തെ എല്ലാ കേബിള്‍ കാര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുന്നു.

കൊട്ടാരക്കര ഡിവൈഎസ്പി ജി ബി മുകേഷ്, ഡെപ്യൂട്ടി ഡി എം ഓ ഡോ. രേഖ എം രവീന്ദ്രന്‍, കടയ്ക്കല്‍ താലൂക്ക് ആശുപത്രി ആര്‍ എം ഓ ഡോ.ഹരിലാല്‍, ചടയമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ സുനീഷ്, ചടയമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനു ജോണ്‍, കടയ്ക്കല്‍ അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലം കളക്ട്രേറ്റ് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് രമേശ് മാധവന്‍, ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ജടായു എര്‍ത്ത് സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ മനു ജി ആര്‍, കേബിള്‍ കാര്‍ വിഭാഗം മാനേജര്‍ സെബിന്‍ ജേക്കബ് എന്നിവര്‍ മോക്ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

Advertisement