Home News Local കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പുതിയ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പുതിയ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

Advertisement

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പുതിയ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കേന്ദ്ര മന്ത്രിയുടെ സൗകര്യാര്‍ത്ഥം ഏറ്റവും അടുത്ത ദിവസം തന്നെ പാര്‍ക്കിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

391 കോടി രൂപയുടെ കൊല്ലം റയില്‍വേ സ്റ്റേഷന്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്. കാര്‍ പാര്‍ക്കിംഗിനുളള കെട്ടിട നിര്‍മ്മാണത്തിനായി 28.7 കോടി രൂപയാണ് ചിലവിട്ടത്. പദ്ധതി വിഭാവന ചെയ്ത സമയക്രമത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഒരേ സമയം 138 കാറുകള്‍ക്കും 236 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ കഴിയും. അത്യാധുനിക സൗകര്യങ്ങളോട് കൂടി അഞ്ച് നിലകളിലായി ഒരു ലക്ഷത്തി പതിനയ്യായിരം ചതുരശ്ര അടി വിസതീര്‍ണത്തോടുകൂടി കെട്ടിടമാണ് പാര്‍ക്കിംഗിനായി തയ്യാറാക്കിയിട്ടുളളത്. ലിഫ്റ്റ്, അഗ്‌നിശമന സംവിധാനങ്ങള്‍ തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്. പാര്‍ക്കിംഗ് സംവിധാനം യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്ന് കൊടുക്കുന്നതിനുളള കരാര്‍ ഉള്‍പ്പെടെയുളള നടപടി പൂര്‍ത്തീകരിച്ചായിരിക്കും ഉദ്ഘാടനം നടത്തുന്നത്. കാര്‍പാര്‍ക്കിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞാല്‍ കാലതാമസം കൂടാതെ എത്രയും പെട്ടെന്ന് അത് യാത്രക്കാര്‍ക്കു പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സംവിധാനവും ലിഫ്റ്റ്, ശുചിമുറികള്‍ തുടങ്ങി യാത്രക്കാര്‍ക്കുളള ഇതരസംവിധാനങ്ങളം സജ്ജീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ തുറന്ന പാര്‍ക്കിംഗ് സംവിധാനം നിലവിലുണ്ട്. വടക്ക് വശത്ത് കൂടുതല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ ഭാവിയിലെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്താണ് സമഗ്രമായ പാര്‍ക്കിംഗും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നിലവിലെ പ്രവര്‍ത്തന പുരോഗതി അനുസരിച്ച് നിശ്ചയിച്ച സമയത്തിനുളളില്‍ തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

Advertisement