കൊല്ലം : വ്യാജമദ്യം കടത്തിയ കേസിലെ രണ്ട് പ്രതികൾക്ക് കൊല്ലം അഡിഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് VI കോടതി 3 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു
ഒന്നാം പ്രതിയായ കരുനാഗപ്പള്ളി താലൂക്കിൽ ക്ലാപ്പന വില്ലേജിൽ ക്ലാപ്പന വടക്ക് മുറിയിൽ കരൂൽ ഭവനത്തിൽ സുരേഷ്(36), മൂന്നാം പ്രതിയായ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പ്രയാർ വടക്കുമുറിയിൽ കളിയിക്കൽ പുത്തൻവീട്ടിൽ ഷാനവാസ് (34)എന്നിവരെയാണ് ബഹു ജഡ്ജി ഹരിപ്രിയ പി നമ്പ്യാർ ശിക്ഷിച്ചത്.
2019 ഫെബ്രുവരി 27 നാണ് കേസിന് ആസ്പദമായ സംഭവം. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന C K സജികുമാറും പാർട്ടിയും വാഹന പരിശോധന നടത്തുന്നതിനിടയിൽ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടു വന്നതും തുടർന്ന് മൂന്നാം പ്രതിയുടെ വീട്ടിൽ നിന്നും ലഭിച്ച ആകെ 117 ലിറ്റർ വ്യാജമദ്യം പ്രതികളിൽ നിന്നും പിടികൂടി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ആർ ബിജുകുമാർ ആണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ ഉഷാർ.പി ആണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.




























