കുന്നത്തൂര്‍ താലൂക്കില്‍ ദശാബ്ദങ്ങള്‍ക്കിടയില്‍ നടന്ന ജനോപകാരപ്രദമായ ഏക പരിഷ്കാരവും അങ്ങനെ അട്ടിമറിക്കപ്പെടുന്നു
ശാസ്താംകോട്ട: ഭരണിക്കാവ് ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിഞ്ഞ
ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം അട്ടിമറിക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നേതൃത്വത്തില്‍ അധികൃതര്‍ രംഗത്ത്.
എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലാണ് സ്റ്റാൻ്റിൻ്റെ പ്രവർത്തനം അസ്ഥിരപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ഞായർ മുതൽ പരിഷ്ക്കാരങ്ങൾ നടപ്പാക്കാനാണ് തീരുമാനം.ഇതു പ്രകാരം നാല് റോഡുകളിലുമുള്ള ബസ് ബേകൾ പുന:സ്ഥാപിക്കും.ബസ്സുകൾ ഭരണിക്കാവ് ടൗണിൽ രേഖപ്പെടുത്തിയിട്ടുള്ള ബസ് ബേയില്‍ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്.എന്നാൽ ബസ്സുകൾ ബസ് ബേയില്‍ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. കരുനാഗപ്പള്ളി,ചവറ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ അടൂർ റൂട്ടിലേക്ക് കയറി പാർട്ടി ഓഫീസിന് മുൻപിലുള്ള റോഡിൽ കൂടി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അതേ കവാടത്തില്‍ കൂടി തിരികെ ഇറങ്ങുകയും ചെയ്യേണ്ടതാണ്. കൂടാതെ കടപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ചക്കുവള്ളി റോഡിലൂടെ തന്നെ സ്റ്റാൻഡിലേക്ക് പ്രവേശിക്കേണമെന്നും ശാസ്താംകോട്ട എസ്എച്ച്ഒ അറിയിച്ചു.
മാസങ്ങളായി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കി,യാത്രക്കാർക്ക് പ്രയോജനപ്രദമായ രീതിയിൽ നടക്കുന്ന ബസ് സ്റ്റാൻ്റ് നോക്കുകുത്തിയാക്കാൻ ശ്രമിക്കുന്ന നടപടിയിൽ പ്രതിഷേധം ശക്തമാണ്.സ്റ്റാൻ്റിൻ്റെ പ്രവർത്തനം തടയാൻ തുടക്കം മുതൽ നിലകൊണ്ട ഒരു വിഭാഗത്തിന് അനുകൂലമായ നിലപാടാണ് എംഎൽഎ സ്വീകരിച്ചതെന്നാണ് പൊതുവേ ആക്ഷേപം ഉയരുന്നത്.
.അതിനിടെ ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം സംബന്ധിച്ച് സ്വകാര്യ ബസ് സംഘടനകളും വ്യാപാരികളും തമ്മിലുള്ള തർക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്.ഹൈക്കോടതിയിൽ കേസ് നിലനിൽക്കെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ആർക്കും അധികാരമില്ലെന്നും,കോടതിയുടെ അന്തിമ വിധി തങ്ങൾ അംഗീകരിക്കുമെന്നും മുതൽ നടപ്പാക്കുന്ന ട്രാഫിക് നിയന്ത്രണങ്ങൾ അംഗീകരിക്കില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി -കുന്നത്തൂർ താലൂക്ക് കമ്മിറ്റി ഭാരവാഹികളായ കുമ്പളത്ത് രാജേന്ദ്രനും സഫ അഷ്റഫും പറഞ്ഞു.
ഞായറാഴ്ചമുതല്‍ പുതിയ പരിഷ്കാരം നടപ്പാക്കണമെന്ന് പൊലീസ് ഉത്തരവ് ഇറക്കിക്കഴിഞ്ഞു.മുന്‍ ഡിവൈഎസ്പിയും മോട്ടോര്‍ വാഹനവകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരും ഏറെ പഠനം നടത്തിയാണ് നിലവിലെ പരിഷ്കാരം നടപ്പാക്കിയത് അത് ബസ് ഓപ്പറേറ്റര്‍മാര്‍ക്കും ജനങ്ങള്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തു. ഇതിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ രാഷ്ട്രീയനേതാക്കള്‍ ഇടപെട്ട് സ്ഥലം മാറ്റിക്കുക പോലുമുണ്ടായി. രാഷ്ട്രീയ കക്ഷികള്‍ ജംക്ഷന്‍ സെന്‍ററിലെ സ്റ്റോപ്പ് പുനസ്ഥാപിക്കാന്‍ നടത്തിയ സമരങ്ങള്‍ പ്രഹസനമായി. എന്തൊക്കെ എതിര്‍പ്പുണ്ടായിട്ടും ജനം പുതിയ പരിഷ്കാരത്തിന് ഒപ്പം നിന്നു. ഇത്രയും ജനവികാരമുണ്ടായിട്ടും ചില കേന്ദ്രങ്ങളുടെ താല്‍പര്യത്തിനായി രാഷ്ട്രീയനേതാക്കള്‍ അരയും തലയുംമുറുക്കി രംഗത്തിറങ്ങിയത് പരിഹാസ്യമായി.
കുന്നത്തൂര്‍ താലൂക്കില്‍ ദശാബ്ദങ്ങള്‍ക്കിടയില്‍ നടന്ന ജനോപകാരപ്രദമായ ഏക പരിഷ്കാരവും അങ്ങനെ അട്ടിമറിക്കപ്പെടുകയാണ്.


































