
ശാസ്താംകോട്ട . പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടത്തിയ അനുസ്മരണ സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.
ഓരോ തീരുമാനത്തിനും ഓരോ ചുവടുവെപ്പിനും മുമ്പ് അദ്ദേഹം ക്രിസ്തുവുമായി നിശബ്ദമായി ആലോചനകൾ നടത്തിവന്നുവെന്ന് അദ്ദേഹം പരിശുദ്ധ പിതാവിനെ അനുസ്മരിച്ചു. തന്റെ ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് ക്രിസ്തുവിൻറെ ഇഷ്ടത്തിന് വിട്ടുകൊടുക്കുന്ന സമർപ്പണം അദ്ദേഹത്തിൻറെ ഏറ്റവും വലിയ ശീലങ്ങളിൽ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതം മനുഷ്യൻറെ യാത്ര പോലെ ആയിരുന്നില്ല അത് ക്രിസ്തുവിനോടൊപ്പം ഉള്ള ഒരു ശിഷ്യൻറെ സഹയാത്രയായിരുന്നു.
കുരിശു മരണത്തെയും കഷ്ടാനുഭവങ്ങളെയും ധ്യാനിക്കുമ്പോൾ ബാവ ആഴത്തിൽ വികാരാധീനനായിരുന്നുവെന്ന് സ്വാമി പറഞ്ഞു. ധ്യാനം ഒരു ചിന്തയല്ലായിരുന്നു. അത് ഹൃദയം പൊട്ടിപ്പോകുന്ന ഒരു വലിയ ആത്മീയ അനുഭവമായിരുന്നു. ഓരോ തുള്ളി രക്തത്തോട് അനുഭവിച്ച ഓരോ വേദനയോടും അദ്ദേഹം ആത്മാവ് കൊണ്ട് ഐക്യപ്പെട്ടു. ആ വേദനയിൽ പങ്കുചേരുന്നതാണ് തന്റെ പാപപരിഹാരത്തിനുള്ള വഴിയെന്ന് അദ്ദേഹം സ്വയം വിശ്വസിച്ചു
കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത എന്നിവ൪ അനുഗ്രഹപ്രഭാഷണം നടത്തി. കൊടുക്കുന്നിൽ സുരേഷ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സി. ടി ഈപ്പൻ ട്രസ്റ്റ് സെക്രട്ടറി ഫാ. തോമസ് വർഗീസ് ചാവടിയിൽ, എം എം സി കോർപ്പറേറ്റ് കോ൪ഡിനേറ്റർ എ. പുന്നൂസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജി ലൂക്കോസ്, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് നടന്ന സന്ധ്യാ നമസ്കാരത്തിന് മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ് , യാക്കോബ് മാർ ഏലിയാസ്, ഡോ. സഖറിയാസ് മാർ അപ്പ്രേം, സഖറിയ മാർ സേവേറിയോസ് എന്നിവർ നേതൃത്വം നൽകി. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത അനുസ്മരണ സന്ദേശം നൽകി. തുടർന്ന് പ്രദക്ഷിണം, ശ്ലൈഹിക വാഴ‌്‌വ് എന്നിവ നടന്നു.
ശനിയാഴ്ച (31/01/2026) രാവിലെ 8 ന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപപ്രാർഥന, ആശിർവാദം, നേർച്ചവിളമ്പ് , കൊടിയിറക്ക് എന്നിവ നടക്കും

































