Home News Breaking News കുന്നത്തൂർ സീറ്റിൽ അവകാശവാദം ഉന്നയിച്ച് കേരള കോൺഗ്രസ് (മാണി) വിഭാഗം; സീറ്റ് ഉറപ്പിച്ചാൽ ഉഷാലയം ശിവരാജൻ...

കുന്നത്തൂർ സീറ്റിൽ അവകാശവാദം ഉന്നയിച്ച് കേരള കോൺഗ്രസ് (മാണി) വിഭാഗം; സീറ്റ് ഉറപ്പിച്ചാൽ ഉഷാലയം ശിവരാജൻ സ്ഥാനാർത്ഥിയാകാൻ സാധ്യത

Advertisement

ശാസ്താംകോട്ട. നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സീറ്റിൽ അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് (മാണി) വിഭാഗവും രംഗത്ത്.കഴിഞ്ഞ തവണയും സീറ്റ് ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകിയിരുന്നെങ്കിലും ഒടുവിൽ സിറ്റിംഗ് എംഎൽഎ ആയിരുന്ന കോവൂർ കുഞ്ഞുമോന് നറുക്ക് വീഴുകയായിരുന്നു.എന്നാൽ 25 വർഷമായി എംഎൽഎ പദവിയിൽ തുടരുന്ന കുഞ്ഞുമോൻ്റെ ആർഎസ്പി
(ലെനിനിസ്റ്റ്) പാർട്ടിക്ക് ഇക്കുറി സീറ്റ് നൽകേണ്ടെന്ന തീരുമാനം എൽഡിഎഫിൽ സജീവമാണ്.ഈ അവസരം മുതലെടുക്കാനാണ് മാണി കോൺഗ്രസ് ലക്ഷ്യമിടുന്നത്.തദ്ദേശത്തിലെ കനത്ത
തോൽവിയും,സഭാ നേതൃത്വങ്ങളുടെ നിർദ്ദേശവും അനുസരിച്ച് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ അടുത്തിടെ പാർട്ടി യുഡിഎഫിലേക്ക്
പോകാൻ ശ്രമം നടത്തിയത് ഏറെ ചർച്ചയായിരുന്നു.ഈ ഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ട് നടത്തിയ ചർച്ചയെ തുടർന്നാണ് എൽഡിഎഫ് വിടാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയത്.മുന്നണിയിൽ ഉറച്ചു നിൽക്കുന്നതിന് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന വാഗ്ദാനവും മുന്നോട്ട് വച്ചിരുന്നു.ഇതാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ സംവരണ സീറ്റ് ആവശ്യപ്പെടാൻ പാർട്ടി തീരുമാനിച്ചത്. യുഡിഎഫിലായിരിക്കെ പാര്‍ട്ടിക്ക് പുനലൂരും പത്തനാപുരവും സീറ്റുകള്‍ ലഭിച്ചതാണ്. കുന്നത്തൂരില്‍ കാല്‍നൂറ്റാണ്ടിലേറെയായി പാര്‍ട്ടി സജീവമാണ് താനും.

സീറ്റ് ലഭിക്കുകയാണെങ്കിൽ ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റും കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗവും കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പറും പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ ഉഷാലയം ശിവരാജൻ സ്ഥാനാർത്ഥിയാകാനാണ് സാധ്യത ഏറെയും.പാർട്ടി മുൻ ചെയർമാൻ കെ എം. മാണിയുമായും ഇപ്പോൾ ജോസ് കെ മാണിയുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഉഷാലയം എന്നതിനാൽ കുന്നത്തൂർ സീറ്റിനായി ജോസ് കെ മാണി തന്നെ നേരിട്ട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. കെപിഎംഎസ് ജില്ലാ സെക്രട്ടറിയായി 22വര്‍ഷം ഇരുന്ന ശിവരാജന്‍ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റും ആയിരുന്നു. പുന്നല ശ്രീകുമാറിനെ രംഗത്തിറക്കിയത് അടക്കം സംഘടനയുടെ നിരവധി ചുവടുകളില്‍ നേതൃത്വം വഹിച്ചെങ്കിലും ഗ്രൂപ്പ് തിരിഞ്ഞതില്‍ മനസുമടുത്താണ് ഔദ്യോഗിക ഭാരവാഹിത്വം ഉപേക്ഷിച്ചത്.

അതിനിടെ വീണ്ടും സീറ്റ് കിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎ.ഔദ്യോഗിക ആർഎസ്പി
എൽഡിഎഫ് വിട്ട് പോയപ്പോൾ മുന്നണിക്കൊപ്പം മറ്റൊരു ആർഎസ്പി രൂപീകരിച്ചു നിന്നയാളാണ് താനെന്നും യുഡിഎഫിൽ നിന്നും ഡെപ്യൂട്ടി സ്പീക്കർ പദവി ഉൾപ്പെടെ നിരവധി ഓഫറുകൾ കിട്ടിയിട്ടും പോകാതെ നിന്നതായും കുഞ്ഞുമോൻ ചൂണ്ടിക്കാട്ടുന്നു.വരുന്ന 3,4,5 തീയതികളിലെ എല്‍ഡിഎഫ് ജാഥയില്‍ സജീവ നേതൃത്വത്തിന് കുഞ്ഞുമോന്‍ തയ്യാറെടുത്ത് കഴിഞ്ഞു.

Advertisement