25.8 C
Kollam
Wednesday 28th January, 2026 | 02:02:32 AM
Home News Local കുണ്ടറ താലൂക്കാശുപത്രി നാടിനു സമര്‍പ്പിച്ചു

കുണ്ടറ താലൂക്കാശുപത്രി നാടിനു സമര്‍പ്പിച്ചു

Advertisement

കൊല്ലം: ഏഴുനിലകളില്‍ നിര്‍മാണം പൂര്‍ത്തിയായ കുണ്ടറ താലൂക്കാശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. കിഫ്ബി ഫണ്ടില്‍ നിന്നും 76.13 കോടി വിനിയോഗിച്ചാണ് ആധുനിക കെട്ടിടം നിര്‍മിച്ചത്. ബേസ്മെന്റ് ഉള്‍പ്പെടെ ഏഴു നിലയുള്ള കെട്ടിടത്തില്‍ 130 കിടക്കകളാണ് സജ്ജമാക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആശുപത്രിയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇന്ന് യാഥാര്‍ത്ഥ്യമായത്. കുണ്ടറയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഇതേറെ സഹായകരമാകും.
ഇലക്ട്രിക്കല്‍ റൂം, ഗ്യാസ് മാനിഫോള്‍ഡ്, ലോണ്‍ഡ്രി, എസ്ടിപി മോര്‍ച്ചറി എന്നിവ ഉള്‍പ്പെടുന്നതാണ് ബേസ്മെന്റ് ഏരിയ. ബേസ്മെന്റ് ഫ്ളോറില്‍ പോസ്റ്റ് മോര്‍ട്ടം, ഫ്രീസര്‍ മോര്‍ച്ചറി (രണ്ട്), എസ്ടിപി, ഓക്സിജന്‍ പ്ലാന്റ്, ഫയര്‍, ഇലക്ട്രിക്കല്‍, ബയോ മെഡിക്കല്‍ വേസ്റ്റ് റൂമുകളുണ്ട്. ഗ്രൗണ്ട് ഫ്‌ലോറില്‍ അത്യാഹിത വിഭാഗം, ഏഴു കിടക്കകള്‍ (നിരീക്ഷണം), എക്സ് റേ, അള്‍ട്രാസൗണ്ട്, ഒന്നാമത്തെ നിലയില്‍ പുരുഷ, സ്ത്രീ വാര്‍ഡുകള്‍, സര്‍ജിക്കല്‍ വാര്‍ഡുകള്‍, രണ്ടാമത്തെ നിലയില്‍ ഒപി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, സിഎസ്എസ്ഡി, മൂന്നാമത്തെ നിലയില്‍ ഓപറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, നാലാമത്തെ നിലയില്‍ സ്ത്രീ, പുരുഷ വാര്‍ഡുകള്‍, ഡെന്റല്‍ യൂണിറ്റ്, അഞ്ചാമത്തെ നിലയില്‍ സ്ത്രീ, പുരുഷ വാര്‍ഡുകള്‍, പീഡിയാട്രിക് വാര്‍ഡ്, ആറാമത്തെ നിലയില്‍ പേ വാര്‍ഡ് എന്നിവയാണുള്ളത്. 1920 കളില്‍ കുണ്ടറ സിറാമിക്സിലെ ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വേണ്ടി ഡിസ്പെന്‍സറിയായി തുടങ്ങിയ ആശുപത്രിയാണ് ആരോഗ്യകേരളത്തിന്റെ തിലകക്കുറിയായി മാറിയത്.

Advertisement