തേവലക്കര: തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ കൊല്ലം ജില്ല അറബിക് കലോത്സവം ഓവറോൾ കിരീടം നേടിയപ്പോൾ കൊല്ലം ജില്ലക്ക് അഭിമാനമായി തേവലക്കര ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ഫർഹാന ഫാത്തിമ. അറബിക് പദ്യം ചൊല്ലലിൽ A ഗ്രേഡ് നേടിയ ഫർഹാന കേരളത്തിന്റെ വേദനകൾ ആണ് വേദിയിൽ അവതരിപ്പിച്ചത്. കോവിഡും പ്രളയവും തുടങ്ങി ഇന്നും നീറുന്ന പ്രശ്നമായി തുടരുന്ന തെരുവ് നായ ശല്യവുമെല്ലാം നൽകിയ വേദനകൾ വിഷാദഭാവത്തിൽ അവതരിപ്പിച്ചപ്പോൾ കാണികളുടെയും മനസ്സിൽ വിഷാദം നിറഞ്ഞു. ജില്ലാ തലത്തിലും വിധികർത്താക്കളുടെ നിറഞ്ഞ പ്രശംസ നേടിയാണ് തൃശ്ശൂരിലേക്ക് വണ്ടി കയറിയത്. ജില്ലാ തലത്തിൽ മാപ്പിളപാട്ടിൽ എ ഗ്രേഡ് നേടിയ ഫർഹാന ഒപ്പനയിൽ എ ഗ്രേഡ് നേടിയ സ്കൂൾ ടീമിലെ മുൻപാട്ടുകാരിയുമായിരുന്നു. തേവലക്കര പറങ്കാമൂട്ടിൽ അൻസറുദ്ദീന്റെയും ഷാലിമായുടെയും മകളാണ്.
































