ആയൂര്‍ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയില്‍ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എന്‍2 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിര്‍ണയ ലാബറട്ടറിയിലാണ് പരിശോധന നടത്തിയത്. ഇത് മനുഷ്യരിലേക്ക് പകരില്ല.
നിരീക്ഷണം 16 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. ആയൂര്‍ തോട്ടത്തറ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്ത്, ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍ പഞ്ചായത്തുകള്‍ കൂടാതെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ മടവൂരും പള്ളിക്കലും നിരീക്ഷണം ശക്തമാക്കും. കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ അറിയിച്ചു.

































