ശാസ്താംകോട്ട:ചക്കുവള്ളിയിൽ യുവാക്കളെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന കാപ്പ കേസ് പ്രതി പിടിയിൽ.ശൂരനാട് തെക്ക് ആയിക്കുന്നം കോടംവിള തെക്കതിൽ വീട്ടിൽ ചന്തു ആണ് പിടിയിലായത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും നിന്ന് ശൂരനാട് പോലിസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.ശൂരനാട് പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയ്യാൾ.കഴിഞ്ഞ മെയ് 28ന് രാത്രിയിലായിരുന്നു സംഭവം.ചക്കുവള്ളിയിലെ പങ്കാളിസ് എന്ന ക്ലബ്ബിന് സമീപം വെച്ച് ചക്കുവള്ളി സ്വദേശികളായ യുവാക്കളെയാണ് പ്രതികൾ ആക്രമിച്ചത്.

കാറിലും മറ്റു വാഹനങ്ങളിലുമായി എത്തിയ പ്രതികൾ, യുവാക്കളെ കാറടിച്ച് വീഴ്ത്താൻ ശ്രമിക്കുകയും ഒഴിഞ്ഞുമാറിയ ഇവരെ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു വാഹനങ്ങളിൽ സഞ്ചരിച്ചു വന്നവർ ചേർന്ന് മുളക് സ്പ്രേ മുഖത്ത് അടിച്ചു.ശേഷം കമ്പി വടികൊണ്ട് അടിച്ചും ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിച്ചും ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ചുടുകട്ട എറിഞ്ഞു വീഴ്ത്തിയ ശേഷം വീണ്ടും മാരകമായി ഉപദ്രവിച്ചും ക്രൂരമർദ്ദനം ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് പ്രതികൾ ചേർന്ന് പെട്രോൾ പമ്പിന് സമീപം വച്ച് മറ്റൊരു യുവാവിനെയും ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു..സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതികളിൽ ഭൂരിഭാഗത്തെയും പോലീസ് പിടി കൂടിയിരുന്നു.അന്വേഷണത്തെ തുടർന്ന് സ്ഥലം വിട്ട ചന്തു കേരളത്തിലും പുറത്തുമായി വിവിധ സ്ഥലങ്ങളിലായി ഒളിച്ചുമാറി കഴിഞ്ഞു വരികയായിരുന്നു.ഇയ്യാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പി ബിജു കുമാർ നിയോഗിച്ചിരുന്നു.അന്വേഷണത്തിൽ പ്രതി വടക്കൻ ജില്ലകളിൽ കച്ചവടക്കാരനാണെന്ന രീതിയിൽ കഴിഞ്ഞു വരുന്നതായി സൂചനകൾ ലഭിക്കുകയുണ്ടായി.ശൂരനാട് എസ്എച്ച്
ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐ റുമേഷ്,രാജേഷ്,പ്രദീപ്,സതീശൻ,സിപിഒ അരുൺ ബാബു,അനസ്,ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.





































