പടിഞ്ഞാറെ കല്ലട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും യാതൊരു തെളിവോ മുൻകൂർ നോട്ടീസോ ഇല്ലാതെയാണ് നടപടിയെന്നും ഇതിനെതിരെ കെപിസിസിയെയും കോടതിയെയും സമീപിക്കുമെന്നും ദിനകർ കോട്ടക്കുഴി അറിയിച്ചു.
വാർഡ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്ന വിമത വിഭാഗത്തിന്റെ വ്യാജ പരാതിയാണ് നടപടിക്ക് ആധാരം. എന്നാൽ പ്രസ്തുത സ്ഥാനാർത്ഥി 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു, തിരഞ്ഞെടുപ്പ് സമയത്ത് താൻ ശൂരനാട് നോർത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ പ്രചാരണ ചുമതലയിലായിരുന്നുവെന്നും ദിനകർ വ്യക്തമാക്കി.
പാർട്ടി ഓഫീസിൽ കരി ഓയിൽ ഒഴിക്കുകയും മിനിറ്റ്സ് ബുക്ക് അപഹരിക്കുകയും മണ്ഡലം പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കാതെയാണ് തനിക്കെതിരെ ഏകപക്ഷീയമായ നീക്കം നടന്നത്.
പാർട്ടി ഓഫീസിലെ അക്രമത്തിനെതിരെ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വിമത വിഭാഗം കൊടിമരം തകർക്കാൻ ശ്രമിക്കുകയും ഇത് തടഞ്ഞ തന്നെയുൾപ്പെടെയുള്ള പ്രവർത്തകരെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി അക്രമികൾക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ നിരവധി വോയിസ് ക്ലിപ്പുകൾ പുറത്തു വന്നിട്ടും അവർക്കെതിരെ നടപടിയുണ്ടായില്ല.
വിഷയം പി.സി. വിഷ്ണുനാഥ് എംഎൽഎയെ നേരിൽ കണ്ട് ധരിപ്പിച്ചിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എംപിയെയും കെപിസിസിയെയും ഉടൻ സമീപിക്കും. നടപടി പിൻവലിക്കാത്ത പക്ഷം കോടതിയെ സമീപിക്കും.
Advertisement





































