ശാസ്താംകോട്ട: ഒ.പി വിഭാഗത്തിൽ ദിവസവും 250 ൽപ്പരം രോഗികൾ ചികിത്സ തേടിയെത്തുന്ന മലനടയിലെ പോരുവഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ കുറവ് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.എൻഎച്ച്എം വഴി മറ്റൊരു ഡോക്ടറെ കൂടി പുതുതായി നിയമിച്ചു.തിങ്കളാഴ്ച മുതൽ ഈ ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാകും.രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കുന്ന ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളെ.പരിശോധിക്കുന്നതിന് ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്.ഇമ്മ്യൂണൈസേഷൻ,മറ്റ് മീറ്റിങ്ങുകൾ എന്നിവയ്ക്കായി മെഡിക്കൽ ഓഫീസർ കൂടിയായ ഈ ഡോക്ടർ പോയാൽ ആശുപത്രിയുടെ പ്രവർത്തനം തന്നെ താളം തെറ്റുന്ന അവസ്ഥയിലായിരുന്നു.ഇത് പലപ്പോഴും രോഗികളും ജീവനക്കാരുമായി വാക്കുതർക്കത്തിനും കാരണമാകുന്നു.അവികസിത പ്രദേശമായ പോരുവഴി പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ ആതുരാലയം.നിരവധി പട്ടികജാതി ഉന്നതികൾ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്.ബസ് സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങൾ കൂടിയായതിനാൽ സാധാരണക്കാർക്ക് അടൂരിലോ ശാസ്താംകോട്ടയിലോ ചികിത്സ തേടി പോകണമെങ്കിൽ വലിയ തുക തന്നെ കണ്ടെത്തേണ്ടതുണ്ട്.ജീവനക്കാരുടെ കുറവ് പരിഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പിലെ ഉന്നതർക്കും കൊടിക്കുന്നിൽ സുരേഷ് എം.പിക്കും പരാതി നൽകിയിരുന്നു.
Advertisement



































