ശാസ്താംകോട്ട . കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേ മന്ത്രാലയം നടപടി സ്വീകരിച്ചപ്പോൾ ശാസ്താംകോട്ടക്കാര്‍ക്ക് നിരാശ. ഒട്ടേറെ ട്രയിനുകള്‍ക്ക് സ്റ്റോപ്പു ലഭിച്ച വികസന പാതയിലുള്ള സ്റ്റേഷനെ പുതിയ വികസനത്തില്‍ ഒഴിവാക്കിയത് കൊടിക്കുന്നില്‍ സുരേഷ് എംപി കൈവിട്ടതിനാലാണെന്ന് പിന്നാമ്പുറ സംസാരമുണ്ട്. ശാസ്താംകോട്ടക്ക് നിരവധി ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു ഏറെ ജനപ്രിയനായിമാറിയ എംപിയെ അടുത്തിടെ ഏറനാടിന് സ്റ്റോപ്പ് അനുവദിച്ചതില്‍ ബിജെപിക്കു പിന്നില്‍ നിര്‍ത്തിയത് അസ്വാരസ്യമുണ്ടാക്കിയിരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനാണ് സ്റ്റോപ്പ് അനുവദിക്കാന്‍ കാരണമെന്നും രാജീവ് ചന്ദ്രശേഖറാണ് ഇടപെട്ടതെന്നുമുള്ള പ്രചാരണം സ്ഥിരമായി ശാസ്താംകോട്ടക്കായി പ്രവര്‍ത്തിച്ചിരുന്ന കൊടിക്കുന്നിലിന് ഇഷ്ടമായില്ലെന്ന് പിന്നാമ്പുറ സംസാരമുണ്ട്.കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ ശാസ്താംകോട്ടയിലെത്തിച്ച് കോണ്‍ഗ്രസിന്‍റെ മേല്‍ക്കൈ മറികടക്കാനും ബിജെപിക്ക് ആയി.
മാത്രമല്ല ഗ്രൂപ്പുസമവാക്യങ്ങള്‍ മൂലം കുന്നത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വം പൊതുവേ കൊടിക്കുന്നിലിനോടുള്ള വിധേയത്വം കുറച്ചിരിക്കയാണ്. ഇതെല്ലാമാണ് ശാസ്താംകോട്ടയുടെ വികസനത്തിന് ചുവപ്പു ലൈറ്റായതെന്നാണ് സൂചന. ഇടയില്‍ കയറി മിടുക്കുകാട്ടിയ ബിജെപി നേതാക്കള്‍ക്ക് കുന്നത്തൂരില്‍ പ്രത്യേക രാഷ്ട്രീയ താല്‍പര്യവുമില്ലത്രേ. റെയില്‍മന്ത്രാലയവുമായി നല്ല ബന്ധമുള്ള നേതാവാണ് കൊടിക്കുന്നില്‍. ഏതുഭരണമായാലും കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ഇടപെടാന്‍ ഇതുമൂലം കൊടിക്കുന്നിലിന് കഴിയുമായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുതിയ സ്റ്റോപ്പുകൾ അനുവദിക്കുമ്പോൾ ശാസ്താംകോട്ട റെയിൽവേസ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കുമെന്ന ജനപ്രതിനിധികളുടെ ഉറപ്പാണ് പാഴായത്. കണ്ണൂർ,മാവേലി, ഇൻ്റർസിറ്റി എന്നീ എക്സ്പ്രസ്സ് ട്രെയിനുകളിൽ ചിലതിനെങ്കിലും സ്റ്റോപ്പ് ലഭിക്കുമെന്നാണ് ജനപ്രതിനിധികൾ ഉറപ്പ് പറഞ്ഞിരുന്നത്. ഏറനാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ ഇത് സംബന്ധിച്ച് ഉറപ്പ് പറഞ്ഞിരുന്നു.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ്റെ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില സംഘടനകള്‍ പിന്നീട് കൊടിക്കുന്നിൽ സുരേഷ് എം.പിയ്ക്കും കേന്ദ്ര മന്ത്രി ജോർജ് കുര്യനും നിവേദനം നൽകിയിരുന്നു.
ബി. ജെ.പി പ്രാദേശിക – ജില്ലാ ഘടകങ്ങൾ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ വഴി കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു. ഈ അവസരങ്ങളിലെല്ലാം എതങ്കിലും ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. കോവിഡിന് മുമ്പ് വരെ ഉണ്ടായിരുന്ന കണ്ണൂർ എക്സ്പ്രസ്സിൻ്റെ സ്റ്റോപ്പ് കോവിഡിനെ തുടർന്നാണ് പിൻവലിച്ചത്. കോവിഡിന് ശേഷം മറ്റ് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കണ്ണൂരിൻ്റെ സ്റ്റോപ്പ് പുനസ്ഥാപിച്ചെങ്കിലും ശാസ്താംകോട്ടയിൽ ഇനിയും പുനസ്ഥാപിച്ചില്ല. ഇത് പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.ആലപ്പുഴ വഴിയുള്ള മാവേലി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചാൽ പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനകരമായേനെ. തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ ജോലിയ്ക്ക് പോകുന്നവർക്ക് പ്രയോജനകരമായ ഇൻ്റർസിറ്റി എക്സ്പ്രസ്സിനും സ്റ്റോപ്പ് പ്രതീക്ഷിച്ചിരുന്നു. അനുദിനം യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കാത്തതിൽ കടുത്ത നിരാശയിലാണ് യാത്രക്കാരും പ്രദേശവാസികളും.



































