ശാസ്താംകോട്ട:തദ്ദേശ തിരഞ്ഞെടുപ്പിൽ പോരുവഴി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കുണ്ടായ ദയനീയ തോൽവിയിൽ സംഘടനാ നടപടിക്കൊരുങ്ങി സിപിഎം നേതൃത്വം.
ഇതിൻ്റെ ഭാഗമായി സിപിഎം പോരുവഴി ചിറയിൽ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാൻ സാധ്യതയേറി.2020 ലെ തിരഞ്ഞെടുപ്പിൽ 313 വോട്ട് നേടിയ എൽഡിഎഫിന് ഇക്കുറി 45 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്.കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തും ഇപ്രാവശ്യം നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
2020 ൽ യുഡിഎഫിൽ ആയിരുന്ന കേരള കോൺഗ്രസ് (മാണി) വിഭാഗം ഈ വാർഡിൽ തനിച്ച് മത്സരിക്കുകയും 210 വോട്ടുകൾ നേടുകയും ചെയ്തിരുന്നു.എന്നാൽ മാണി കോൺഗ്രസ് കൂടി എൽഡിഎഫിൻ്റെ ഭാഗമായപ്പോൾ അവസ്ഥ മാറി.ഇരുകൂട്ടരുടെയും കഴിഞ്ഞ തവണത്തെ വോട്ട് നോക്കുമ്പോൾ ഇക്കുറി 523 വോട്ടുകൾ ലഭിക്കേണ്ടതാണ്.ഇതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു നേതൃത്വം.എന്നാൽ 571 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്.രണ്ടാം സ്ഥാനത്ത് എത്തിയ എസ്ഡിപിഐ 481 വോട്ടുകൾ നേടിയപ്പോൾ കഴിഞ്ഞ തവണ വെറും 16 വോട്ടുകൾ ലഭിച്ച ബിജെപി 101 വോട്ടുകൾ കരസ്ഥമാക്കി എൽഡിഎഫിനും മുൻപിലെത്തി.എന്നാൽ കഴിഞ്ഞ തവണ 12ാം വാർഡിൽ വിജയിച്ച എസ്ഡിപിഐക്ക് ഇക്കുറി അത് നിലനിർത്താനുമായില്ല.തങ്ങൾക്ക് ലഭിക്കേണ്ട വോട്ടുകൾ യുഡിഎഫിന് മറിച്ചു നൽകിയതാണ് എൽഡിഎഫിനുണ്ടായ നാണംകെട്ട തോൽവിക്ക് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.എസ്ഡിപിഐയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില സിപിഎം നേതാക്കൾ യുഡിഎഫിന് അനുകുലമായി പ്രവർത്തിച്ചതാണ് ദയനീയ പരാജയത്തിനുള്ള കാരണമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ ആണെങ്കിലും ശക്തമായ നടപടിയിലേക്ക് നേതൃത്വം കടക്കുമെന്നാണ് അറിയുന്നത്.





































