കൊല്ലം: ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി തിരഞ്ഞ കൊല്ലം സ്വദേശികളായ യുവതീ യുവാക്കളില്‍ നിന്ന് സൈബര്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്നെടുത്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ രണ്ട് പ്രതികള്‍ കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായി. എറണാകുളം ചൊവ്വര പാഠിയംകുന്ന് ഹൗസില്‍ മുഹമ്മദ് ആസിഫ് (30), തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട കൈപ്പിള്ളി ഹൗസില്‍ അഭിനന്ദ്(22) എന്നിവരാണ് കൊല്ലം സൈബര്‍ പോലീസ് സ്റ്റേഷനില്‍ 2024 ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലായി അറസ്റ്റിലായത്.
കൊല്ലം തഴുത്തല സ്വദേശിനിയായ യുവതിയില്‍ നിന്നും പാര്‍ട്ട് ടൈം ജോലിയുടെ ഭാഗമായി ടെലിഗ്രാം ടാസ്‌കുകള്‍ അയച്ച് നല്‍കി ഇതിലൂടെ ഇരുപത്തൊമ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് മുഹമ്മദ് ആസിഫ് പിടിയിലായത്. കൊല്ലം വടക്കേവിള സ്വദേശിയായ യുവാവില്‍ നിന്നും സമാനമായ രീതിയില്‍ ടെലിഗ്രാം ടാസ്‌കുകള്‍ അയച്ച് നല്‍കി നാല്‍പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് അഭിനന്ദ് പിടിയിലായത്. കൊല്ലം തഴുത്തല സ്വദേശിനിയില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ എറണാകുളം സ്വദേശിയായ മുഹമ്മദ്
സാഹിലിനെ നേരത്തെ തന്നെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് 9,59,330 രൂപ ആസിഫ് ആണ് കൈപ്പറ്റിയത്.
വടക്കേവിള സ്വദേശിയുടെ തട്ടിപ്പ് നടത്തിയതില്‍ 1,60,000 രൂപ അഭിനന്ദ് പ്രതികള്‍ക്ക് പ്രതിഫലം പറ്റി നല്‍കിയ ബാങ്ക് അക്കൗണ്ടിലാണ് എത്തിയത്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണിന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം സിറ്റി ഡിസിആര്‍ബി അസ്സി.പോലീസ് കമ്മീഷണര്‍ നസീര്‍. എ യുടെ നേതൃത്വത്തില്‍ കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മനാഫ്, എസ്‌ഐമാരായ ഗോപകുമാര്‍, നന്ദകുമാര്‍, സിപിഓമാരായ ബിനൂപ്, രോഹിത്, അബ്ദുള്‍ ഹബീബ്, അശ്വതി സൈബര്‍ സെല്‍ എസ്‌ഐ പ്രതാപന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




























