ശാസ്താംകോട്ട . ഒരു താലൂക്കാസ്ഥാനത്ത് ആവശ്യമായ ഓഫീസുകൾ കിലോമീറ്ററുകൾ അകലെ പോകുമ്പോൾ കൈ കെട്ടിയിരിക്കുന്ന നേതാക്കളെ കാണാൻ ശാസ്താംകോട്ട വന്നാൽ മതിയാകും. ജോയിൻ്റ് ആർടി ഓ ഓഫിസ് വടക്കോട്ട് പോയത് താലൂക്കാസ്ഥാനത്തെ സ്ഥലമില്ലായ്മ കാരണം പറഞ്ഞായിരുന്നു. ഉടൻ തിരിച്ചു വരും എന്ന് പറഞ്ഞു. പല ഓഫീസുകളും സ്ഥലം കണ്ടെത്തിയിട്ടും ജോയിൻ്റ് ആർ ട്ടി ഒ ഓഫീസ് വന്നില്ല. കുന്നത്തൂർ താലൂക്കിൻ്റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഡിവൈ.എസ്.പി ഓഫീസ് ആണ് ഇനി അടുത്തത്. കെട്ടിടം ശൂരനാട് ചക്കുവള്ളിയിൽ പണിയാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.
ശാസ്താംകോട്ടയുടെ വിവിധ ഭാഗങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ടൗണിൽ റവന്യൂ ടവറിൻ്റെ പണി അതിവേഗം പുരോഗമിക്കുമ്പോഴാണ് ഡിവൈ.എസ്.പി ഓഫീസ് ചക്കുവള്ളിയിൽ നിർമ്മിക്കാൻ നീക്കം നടക്കുന്നത്. റവന്യൂ ടവറിൽ ഡിവൈ.എസ്.പി ഓഫീസിന് സ്ഥലം അനുവദിച്ചിട്ടില്ലന്നും ശാസ്താംകോട്ടയിൽ അനുയോജ്യമായ ഭൂമി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന കാരണത്താലും ആണ് ഓഫീസിന് ചക്കുവള്ളിയിൽ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഏക്കറുകണക്കിന് പുറംപോക്ക് ഭൂമിയുള്ള ശാസ്താംകോട്ടയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്ന കാര്യം പ്രയാസമുള്ളതല്ലന്നും വരുന്ന മാർച്ച് മാസത്തോടെ റവന്യൂ ടവറിൻ്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുമ്പോൾ നിലവിലെ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ഓഫീസുകളും അവിടേക്ക് മാറുമ്പോൾ ആവശ്യമെങ്കിൽ സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കാമെന്നും പ്രതിഷേധക്കാർ പറയുന്നു.
ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ, സർക്കിൾ ഓഫീസ്, വിവിധ കോടതികൾ എന്നിവ പ്രവർത്തിക്കുന്ന ശാസ്താംകോട്ടയിൽ തന്നെ ഡിവൈ.എസ്.പി ഓഫീസ് പ്രവർത്തി ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
2021ലാണ് ശാസ്താംകോട്ട, കുണ്ടറ,
പുത്തൂർ, കിഴക്കേ കല്ലട, ശൂരനാട് പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ശാസ്താംകോട്ട സബ് ഡിവിഷൻ രൂപ
വത്ക്കരിച്ചത്. ശാസ്താംകോട്ട കോടതി മുക്കിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലം മുതൽ ഓഫീസ് പ്രവർത്തിച്ചു വരുന്നത്. സ്വന്തം ഓഫീസ് നിർമ്മിക്കുന്നതിന് സ്ഥലം ഉറപ്പാക്കണമെന്ന
നിർദ്ദേശം നേരത്തേ എത്തിയെങ്കിലും സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശുരനാട് പോലിസ് സ്റ്റേഷന് സമീപമുള്ള ആഭ്യന്തര വകുപ്പിൻ്റെ സ്ഥലത്ത് കെട്ടിടം പണിയാൻ നടപടി തുടങ്ങിയത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചിട്ടിരുന്ന സ്ഥലം കെട്ടിട നിർമ്മാണത്തിന് വേണ്ടി തയ്യാറാക്കി.
ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കുന്നതിന് 1.32 കോടി രൂപ സർക്കാർ അനുവദിച്ചു.
കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷനാണു നിർമാണച്ചുമതല.
ഇതിനിടയിൽ ഓഫീസ് ശാസ്താംകോട്ടയിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എസ്.പി, ഡി.ജി പി , ആഭ്യന്തര വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകി.
താലൂക്ക് ആസ്ഥാനത്ത് യഥാർത്ഥത്തിൽ വേണ്ടത് പൊലിസ് സ്റ്റേഷന് ടൗണിൽ സ്ഥലം കണ്ടെത്തുകയാണ്. അങ്ങനെയെങ്കിൽ ഡിവൈ എസ് പി ഓഫീസിന് ഈ കെട്ടിടം ഉപയോഗിക്കാം. പൊലിസ് സ്റ്റേഷൻ ടൗണിൽ നിന്നും ഏറെ വിദൂരമായ കുന്നിൽ പുറത്തായത് ശാസ്താം കോട്ടയുടെ സുരക്ഷ തന്നെ അപകടത്തിലാക്കി. പരാതി നൽകാനെത്തുന്നവർക്ക് സ്വന്തം വാഹനമില്ലെങ്കിൽ പെട്ടതു തന്നെ ‘ പരാതി കൊടുക്കാൻ പോയവരെ വഴിയിൽ പതിയിരുന്ന് എതിർകക്ഷി ആക്രമിച്ച നിരവധി കേസുകളുണ്ട്.
പൊലിസ് സ്റ്റേഷൻ പഞ്ചായത്ത് ഓഫിസിന് സമീപത്തെ KSRTC ഡിപ്പോയുടെ സ്ഥലം വിട്ടുകൊടുക്കണമെന്ന് അഭിപ്രായമുണ്ട്. KSRTC വർക്ക്ഷോപ്പിനെന്ന പേരിൽ വാങ്ങിയ മണ്ണെണ്ണ മുക്കിലെ സ്ഥലത്ത് ഡിവൈഎസ്പി ഓഫീസിന് സ്ഥലം നൽകാം.
ഫോട്ടോ: ശൂരനാട് ഡിവൈ.എസ്.പി ഓഫീസിന് കെട്ടിടം പണിയാൻ തയ്യാറാക്കിയ സ്ഥലം.
.





































