തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ നടക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും അധ്യക്ഷരുടെയും തിരഞ്ഞെടുപ്പ് ചുമതല അതാത് വരണാധികാരികള്‍ക്കാണ്. ജില്ലാ പഞ്ചായത്തില്‍ ജനുവരി ആറിനും കോര്‍പറേഷനില്‍ ജനുവരി ഏഴിനുമാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്.
മുഖത്തല, ഇത്തിക്കര ബ്ലോക്കുകളില്‍ ജനുവരി അഞ്ചിനും ശാസ്താംകോട്ട, ഓച്ചിറ, ചവറ, അഞ്ചല്‍, ചടയമംഗലം, കൊട്ടാരക്കര, ചിറ്റുമല, പത്തനാപുരം എന്നീ ബ്ലോക്കുകളിലും കൊട്ടാരക്കര നഗരസഭയിലും ജനുവരി ആറിനും തിരഞ്ഞെടുപ്പ് നടക്കും. പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളിലും വെട്ടിക്കവല ബ്ലോക്കിലും ജനുവരി ഏഴിനാണ് തിരഞ്ഞെടുപ്പ്.
ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള ചുമതല അതാത് മുനിസിപ്പാലിറ്റി വരണാധികാരികള്‍ക്കാണ്.
ഗ്രാമ, ബ്ലോക്ക്പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യവിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതു മരാമത്ത് കാര്യം, , ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും കോര്‍പ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുമാണുള്ളത്.
































