ശാസ്താംകോട്ട  കായൽ ബണ്ട് പ്രഭാത-സായാഹ്ന സവാരിക്കാരുടെ പറുദീസയാകുന്നു. ദിനം കായൽ തീരത്ത് എത്തിച്ചേരുന്നത് നൂറുകണക്കിന് ആളുകൾ

Advertisement

ശാസ്താംകോട്ട : അഞ്ച് വർഷം മുമ്പ് വരെ ശാസ്താംകോട്ട ബണ്ട് റോഡ് ഇതുവഴി കടന്നു പോകുന്നവരുടെ പേടിസ്വപ്നമായിരുന്നു.ഇരുവശത്തും രണ്ടാൾ പൊക്കത്തിൽ കാട് മൂടിയ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായിരുന്നു. എന്നാൽ ഇപ്പോൾ ബണ്ട് റോഡിൻ്റെ മുഖച്ഛായ ഇപ്പോൾ പാടെ മാറി. ഡോ :സി.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണസമിതി വിവിധ വകുപ്പുകളുടെ ഫണ്ട് ഉപയോഗിച്ച് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്.ചുറ്റും വളർന്നു നിന്നിരുന്ന കാടുകൾ വെട്ടി മാറ്റുകയും കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡ് തറയോട് പാകുകയും ചെയ്തു.ബണ്ട് റോഡിൽ മുപ്പതിൽ പരം സി.സി ക്യാമറകൾ സ്ഥാപിക്കുകയും ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഒരു കാലത്ത് ദുഃസ്വപ്നമായിരുന്ന ബണ്ട് റോഡ് ഇപ്പോൾ പ്രഭാത-സായാഹ്ന സവാരിക്കാർക്ക് പ്രിയങ്കരമാണ് .ശാസ്താംകോട്ട തടാകത്തിൻ്റെ കുഞ്ഞോളങ്ങളെ തഴുകിയെത്തുന്ന ഇളം കാറ്റിൻ്റെ തലോടലേറ്റ് കായൽ തീരത്ത് മറ്റു പഞ്ചായത്തുകളിൽ നിന്നു പോലും നിരവധി ആളുകൾ ഇവിടെയെത്തുന്നുണ്ട്.ഇതിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടുന്നു. എന്നാൽ ബണ്ട് റോഡിൽ കൂടി ഗതാഗതം പൂർണ്ണമായി നിരോധിച്ചത് ഇടിയാട്ടുപുറം ഏലായിലെ കർഷകരെ ബാധിച്ചതായി ആരോപണം ഉയരുന്നുണ്ട്. കർഷകർക്ക് കൃഷിക്കാവശ്യമായ സാധനങ്ങൾ കൊണ്ടു പോകുന്നതിന് തടസ്സമാകുന്നതായി പറയപ്പെടുന്നു. എന്നാൽ ബണ്ട് റോഡിന് താഴെ കൂടി റോഡ് നിർമ്മിക്കാൻ കഴിഞ്ഞ ഭരണ സമിതി പ്രോജക്ട് തയ്യാറാക്കി കഴിഞ്ഞു.ഇത് നടപ്പാകുന്നതോടെ ഈ പ്രശ്നങ്ങൾക്കും പരിഹാരമാകും.ബണ്ട് റോഡിന് സമീപം കുട്ടികൾക്കും മുതിർന്നവർക്കുമായി പാർക്കുകൾ, ടോയ് ലെറ്റ്, ഭക്ഷണ ശാല തുടങ്ങിയവയും പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ പുതിയ ഭരണസമിതി പിന്തുടർന്നാൽ ശാസ്താംകോട്ട കായൽ ബണ്ട് റോഡ് കുന്നത്തൂരിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറും.ഈ പ്രതീക്ഷയിലാണ് പടിഞ്ഞാറേക്കല്ലടയിലെ ജനങ്ങൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here