അപകടം പതിയിരിക്കുന്ന കുന്നത്തൂരിലെ കൊടുംവളവിലൂടെയുള്ള യാത്ര വാഹന യാത്രികർക്ക് പേടിസ്വപ്നമാകുന്നു

Advertisement

കുന്നത്തൂർ:കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ കുന്നത്തൂർ ഫാക്ടറി ജംഗ്ഷനും ആറ്റുകടവിനും ഇടയ്ക്കുള്ള കൊടും വളവ് വാഹന യാത്രികർക്ക് പേടിസ്വപ്നമായി മാറുന്നു.കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ് എന്നതാണ് ഇവിടുത്തെ പ്രത്യേകത.സദാ സമയവും തിരക്കേറിയ ഈ പാതയിൽ അടുത്തടുത്തായി രണ്ട് വലിയ വളവുകളാണുള്ളത്.ഇതിൽ കൊക്കാംകാവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് പ്രീ-മെട്രിക്
ഹോസ്റ്റലിനോട് ചേർന്നുള്ള വളവാണ് ഏറ്റവും അപകടകാരിയായി മാറുന്നത്.ഭരണിക്കാവ് ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.കൊക്കാംകാവ് ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന റോഡും പ്രധാന പാതയും തമ്മിലുള്ള ഉയരവ്യത്യാസമാണ് ഇതിനു കാരണം.പാതയോരം നന്നേ കുറവായ ഇവിടെ താഴ്ചയിലേക്ക് വാഹനങ്ങൾ പതിക്കാനുള്ള സാധ്യത കൂടുതലാണ്.പലപ്പോഴും വലിയ വാഹനങ്ങൾ ഉൾപ്പെടെ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.ഇരുചക്ര വാഹനങ്ങൾ പലപ്പോഴും താഴേക്ക് പതിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.വളവു തിരിഞ്ഞ് നേർക്കു നേർ എത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും കൂട്ടിയിടിക്കുന്നത് പതിവാണ്. വർഷങ്ങൾക്ക് മുമ്പ് കണ്ടെയ്നർ ലോറി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു.സ്വകാര്യ ബസിടിച്ച് പ്രദേശവാസിയായ ഒരാളും മരണപ്പെട്ടിരുന്നു.ഈ ഭാഗത്ത് പതിവായി റോഡ് തകരുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.കൊടും വളവാണെങ്കിലും അമിത വേഗതയിലാണ് സ്വകാര്യ ബസുകൾ ഉൾപ്പെടെ ചീറി പായുന്നത്.കാൽനട യാത്രികരും ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്.ആധുനിക രീതിയിലുള്ള നവീകരണം നടത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തതാണ് ഇതിനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.വളവ് നിവർത്തിയെടുക്കുകയും സൈഡ് വാൾ കെട്ടി റോഡിൻ്റെ വീതി കൂട്ടുകയും വശങ്ങളിൽ സ്റ്റമ്പ് പാകണമെന്നും സുരക്ഷാ മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്താൽ ഒരു പരിധിവരെ അപകടങ്ങൾ തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here