ശാസ്താംകോട്ട:ഏറെ നാളത്തെ കാത്തിരിപ്പിനും സമ്മർദ്ദങ്ങൾക്കും ഒടുവിൽ കാരാളിമുക്ക് -ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ – കുറ്റിയിൽ മുക്ക് റോഡ് നിർമ്മാണത്തിന് 2 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടിയിൽ എത്തിയിട്ടും റോഡ് നിർമ്മാണത്തിൻ്റെ കരാർ എടുക്കാൻ ആളില്ലാത്തതിനാൽ നിർമ്മാണം പ്രതിസന്ധിയിലായി. വർഷങ്ങളായി തകർന്ന് കിടന്ന് യാത്ര ദുഷ്കരമായ റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽ സിറ്റി അടക്കമുള്ള സംഘടകളും വിവിധ രാഷ്ട്രീയ പാർട്ടികളും യാത്രക്കാരും നിരന്തര സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ എ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണത്തിന് 2 കോടി രൂപ അനുവദിച്ചത്. റോഡിൻ്റെ വീതി കുറവും കാരാളിമുക്കിലെ കുത്തനെയുള്ള കയറ്റം പരിഹരിച്ചും 6 മീറ്റർ വീതിയിൽ ബി.എം. ബി. സി യിൽ റോഡ് നിർമ്മിക്കാൻ പി.ഡബ്ലു. ഡി അധികൃതർ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ടെൻഡർ വിളിക്കുകയും ചെയ്തിട്ട് കരാർ എടുക്കാൻ ആളുണ്ടായില്ല. പിന്നീട് 2 തവണ കൂടി ടെൻഡൻ വിളിച്ചിട്ടും കരാർ ആയിട്ടില്ല.
നൂറ് കണക്കിന് ആളുകളും വാഹനങ്ങളും നിത്യവും കടന്ന് വരുന്ന കാരാളിമുക്ക് – ശസ്താംകോട്ട റെയിൽവേ സ്റ്റേഷൻ – കുറ്റിയിൽ മുക്ക് റോഡ് കാൽ നടയായി പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡ് നിർമ്മാണത്തോടെ ഇതിന് പരിഹാരമാകും എന്ന് പ്രതീക്ഷിച്ചിരുന്ന യാത്രക്കാർക്കും പ്രദേശവാസികൾക്കും കടുത്ത തിരിച്ചടി ആയിരിക്കുകയാണ് കരാർ എടുക്കാൻ ആളില്ലാത്ത സാഹചര്യം.




































