അമ്പലത്തുംഭാഗത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം; മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതായി നിഗമനം

Advertisement

ശാസ്താംകോട്ട: അമ്പലത്തുംഭാഗത്ത് റബ്ബർ തോട്ടത്തിൽ നിന്നും പുരുഷൻ്റെത് എന്ന് കരുതുന്ന തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതായി നിഗമനം.പോരുവഴി അമ്പലത്തുംഭാഗം രാജ്ഭവനിൽ സതിയമ്മയാണ് വെള്ളിയാഴ്ച രാവിലെ റബ്ബർ വെട്ടുന്നതിനിടയിൽ കാട് പിടിച്ചു കിടക്കുന്ന ഭാഗത്ത് തലയോട്ടി കണ്ടത്.തുടർന്ന് പ്രദേശവാസികളെത്തി പരിശോധന നടത്തിയപ്പോഴാണ് പല ഭാഗത്തായി അസ്ഥികളും അസ്ഥികൂടവും കണ്ടെത്തിയത്.മൂന്ന് മാസം മുമ്പ് സതിയമ്മയുടെ ഭർത്താവ് ടാപ്പിങ് തൊഴിലാളിയായ രാജേന്ദ്രൻ പിള്ളയെ (63) കാണാതായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇദ്ദേഹം രാത്രിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.വീട്ടുകാർ ശൂരനാട് പൊലീസിൽ പരാതി നൽകുകയും പൊലീസ് മാൻമിസിങ്ങിന് കേസെടുത്ത് അന്വേഷണം നടത്തി വരികയുമായിരുന്നു.കാൺമാനില്ലെന്ന് കാട്ടി രാജേന്ദ്രൻ പിള്ളയുടെ ഫോട്ടോ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.പക്ഷേ ഇദ്ദേഹത്തെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ്
തലയോട്ടിയും അസ്ഥികൂടവും രാജേന്ദ്രൻ പിള്ളയുടേത് ആണോയെന്ന സംശയത്തിൽ പൊലീസ് എത്തിയത്.ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് തെളിയിക്കാൻ കഴിയു എന്നതിനാൽ പൊലീസിൻ്റെ സാന്നിധ്യത്തിൽ മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് വിഭാഗം ശേഖരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടു പോയിട്ടുണ്ട്.ശാസ്താംനട- തൊളിക്കൽ റോഡിൽ നെടുവിലയ്യത്ത് ഭാഗത്തെ കാട് മൂടി കിടക്കുന്ന കനാൽ പാലത്തിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിയതായാണ് സംശയിക്കുന്നത്.മരക്കൊമ്പ് ഒടിഞ്ഞ് മൃതദേഹം കനാലിൽ വീണ് ദുർഗന്ധം വമിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല.ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനാലും തെരുവ് നായ്ക്കൾ ചത്ത് പലപ്പോഴും ദുർഗന്ധം പരക്കുന്നതിനാലുമാണ് പ്രദേശവാസികൾ കാര്യമാക്കാതിരുന്നത്.കനാലിൽ വീണു കിടന്ന മൃതദ്ദേഹം നായ്ക്കൾ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചതിനാലാണ് തലയോട്ടിയും അസ്ഥികൂടവും മറ്റും പല ഭാഗങ്ങളിൽ നിന്നും ലഭിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.വടക്കൻ മൈനാഗപ്പള്ളി സോമവിലാസത്ത് അടുത്തിടെ മൃതദേഹം നായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here