നടിയെ ആക്രമിച്ച കേസ്: വിധിക്ക് പിന്നാലെ പ്രതിഷേധം
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് അതിജീവിത രംഗത്തെത്തി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരല്ലെന്നും പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന സൂചനയും താരം പങ്കുവെച്ചു.
കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് നടി മഞ്ജു വാര്യര്‍ ആവര്‍ത്തിച്ചു. ആസൂത്രണം ചെയ്തവര്‍ പുറത്തുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണെന്നും അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ നീതി പൂര്‍ണമാകുകയുള്ളൂ എന്നും മഞ്ജു വാര്യര്‍ കുറിച്ചു.
മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ വിജയമാണിതെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സിസ്റ്റത്തിന്റെ കുഴപ്പമാണ് ഇതെന്നും മാറ്റമുണ്ടാകാൻ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും അവർ പറഞ്ഞു.
വിധിന്യായത്തിലെ വിവരങ്ങൾ പുറത്തുവന്നു. ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീ ആണെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയില്‍ പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് കോടതി വിമര്‍ശിച്ചു. ആരാണ് ‘മാഡം’ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു.
വിധിന്യായത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഊമക്കത്ത് വിധിക്ക് മുൻപ് തന്നെ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് വ്യക്തമാക്കി.
കേരള രാഷ്ട്രീയം
വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രംഗത്തെത്തി. ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും വിസി നിയമന അധികാരം ചാന്‍സലര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി സി.പി.എം സംസ്ഥാന സമിതിയും മന്ത്രിമാരും വിലയിരുത്തി. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നും സർക്കാർ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ച പറ്റിയെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വോട്ടർമാരെ അധിക്ഷേപിച്ച തന്റെ പരാമർശത്തിൽ എം.എം മണി ഖേദം പ്രകടിപ്പിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
യു.ഡി.എഫ് വിട്ടുപോയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ മടക്കയാത്രയ്ക്കായി കോണ്‍ഗ്രസ് ക്ഷണിച്ചു. പി.വി അന്‍വറിന്റെ പാര്‍ട്ടി യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ യു.ഡി.എഫ് എം.പിമാര്‍ ഇന്ന് പാര്‍ലമെന്റിന് മുന്നിൽ പ്രതിഷേധിക്കും. കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.
ദേശീയ വാർത്തകൾ
ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടംപിടിച്ചു. പട്ടികയിൽ 24-ാം സ്ഥാനത്താണ് താരം. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് ഒന്നാം സ്ഥാനത്ത്.
വോട്ട് ചോരി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഡൽഹിയിലെ റാലിയിൽ കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. എന്നാൽ തോൽവി സമ്മതിക്കാൻ രാഹുലിന് കഴിയുന്നില്ലെന്ന് ബി.ജെ.പി പരിഹസിച്ചു.
ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും അതീവ ഗുരുതരമായ നിലയിലേക്ക് ഉയർന്നു. എ.ക്യു.ഐ 460 രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഓഫീസുകളിൽ 50% വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.
കായികം & വിനോദം
ലിയോണല്‍ മെസ്സി മുംബൈയിലെത്തി സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുനില്‍ ഛേത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് അദ്ദേഹം പ്രധാനമന്ത്രിയെ കാണും. അതേസമയം കൊൽക്കത്തയിലെ മെസ്സി ഷോയുടെ സംഘാടകൻ സതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലെത്തി.
രജനീകാന്ത് ചിത്രം ‘ജയിലര്‍ 2’ വിൽ നടി വിദ്യാ ബാലനും പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോർട്ട്. മമ്മൂട്ടി-വിനായകൻ ചിത്രം ‘കളങ്കാവൽ’ രണ്ടാമത്തെ ആഴ്ചയിലും വൻ കുതിപ്പ് തുടരുന്നു. ചിത്രം ഇതിനകം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.
അന്താരാഷ്ട്ര വാർത്തകൾ
സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. അക്രമികളിലൊരാൾ പാകിസ്താൻ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ വെടിയേറ്റ പരിക്കുമായി അക്രമിയെ സാഹസികമായി കീഴടക്കിയ അഹമ്മദ് അൽ അഹമ്മദ് എന്ന യുവാവ് ലോകശ്രദ്ധ നേടി.
ആരോഗ്യ ടിപ്സ്
മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിലുള്ള കുളി ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന് വിദഗ്ധർ. തണുപ്പ് രക്തക്കുഴലുകളെ ചുരുക്കുന്നത് വഴി രക്തസമ്മർദ്ദം കൂടാനും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും. ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് ഉചിതം.