കരുനാഗപ്പള്ളി: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്താൽ മധ്യവയസ്കനെ മർദ്ദിച്ച പ്രതികൾ പിടിയിൽ. കായംകുളം ചേരാവള്ളി എ എസ് മൻസിൽ സമീർ മകൻ ആരിഫ് (21), കായംകുളം ദേശത്തിനകം ഓണമ്പള്ളിൽ അഫ്സർ മകൻ ആദിൽ (20) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .
ഈ മാസം നാലാം തീയതി പറയകടവ് അമൃത പുരിയ്ക്ക് സമീപം വെളുപ്പിന് 2.45 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പറയകടവ് സ്വദേശി സുഭാഷ് ജോലിക്ക് പോകാനായി വരവേ പ്രതികൾ തീപ്പെട്ടി ചോദിക്കുകയും അത് കൊടുക്കാത്തതിന്റെ വിരോധത്താൽ ഏതോ ആയുധം വെച്ച് തലയ്ക്ക് അടിക്കുകയും ചവിട്ടി നിലത്തിട്ട് മർദ്ദിക്കുകയും ആയിരുന്നു.
തുടർന്ന് പരാതിക്കാരൻ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് സിസിടിവിയും മറ്റും പരിശോധിച്ചതിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ വാർത്താ ചാനലുകളിലും മറ്റും വന്ന വാർത്തകളിൽ ഇത് മനസ്സിലാക്കിയ പ്രതികൾ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. പ്രതികളെ ഇന്നലെ രാത്രി എറണാകുളം ഭാഗത്ത് നിന്നും പിടി കൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാർ വിഎസിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ്
എസ് ഐ മാരായ ഷമീർ ,ആഷിക്, എ എസ് ഐ തമ്പി
എസ് സി പി ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.






































