ശാസ്താംകോട്ട:സിനിമാപറമ്പിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഉപയോഗിക്കാതെ കിടന്ന കാറിന് തീപിടിച്ചു.ഇന്ന് പകൽ 11.30 ഓടെയാണ് സംഭവം.മുൻ ഭരണ സമിതിയുടെ കാലത്ത് പ്രസിഡൻ്റ് ഉപയോഗിച്ചിരുന്ന വാഹനം സാങ്കേതിക തകരാറിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയായിരുന്നു.ഇതിനോട് ചേർന്ന് ചപ്പുചവറുകൾ കത്തിച്ചപ്പോൾ കാറിലേക്ക് തീ പടർന്നതാകാം എന്നാണ് സംശയിക്കുന്നത്.
തീപിടുത്തത്തിൽ കാർ ഭാഗികമായി കത്തിനശിച്ചു.ഉടൻ തന്നെ
ശാസ്താംകോട്ടയിൽ നിന്നെത്തിയ
അഗ്നി രക്ഷാസേന തീ നിയന്ത്രണ വിധേയമാക്കിയതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.തിരഞ്ഞെടുപ്പ് കൂടിയാതിനാൽ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് വലിയ തിരക്കായിരുന്നു.

നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന ഇവിടെ ഒട്ടനവധി വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു.തീ പിടിച്ച വാഹനത്തിലെ ബാറ്ററിയിലടക്കം പടരുന്നതിനു മുൻപായി തീ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് കഴിഞ്ഞതാണ് രക്ഷയായത്.സ്റ്റേഷൻ ഓഫീസർ പ്രസന്നൻപിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് എസ്എഫ്ആർഒ ശ്രീപാൽ,ഫയർമാന്മാരായ പ്രജോഷ്,രാജേഷ്,സുജാതൻ,ഹോം ഗാർഡ് ഷിജു ജോർജ്,ഡ്രൈവർ ഹരിപ്രസാദ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.





































