ശാസ്താംകോട്ട:പ്രചാരണത്തിനിടെ കളഞ്ഞുകിട്ടിയ പഴ്സ് ഉടമയ്ക്ക് കൈമാറി സ്ഥാനാർത്ഥി മാതൃകയായി.പോരുവഴി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയും കുന്നത്തൂർ താലൂക്കിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫറുമായ ശാലിനി എസ്-ന് തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ടയിലേക്ക് പോകവേ സിനിമാപറമ്പ് ജംഗ്ഷനിൽ നിന്നാണ് പഴ്സ് കിട്ടിയത്.തുറന്ന് നോക്കിയപ്പോൾ നിരവധി വിലപ്പെട്ട രേഖകൾ പഴ്സിൽ ഉണ്ടായിരുന്നു.ഉടൻ തന്നെ ശൂരനാട് പൊലീസ് സ്റ്റേഷനിലെത്തി പഴ്സ് കൈമാറി.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുന്നത്തൂർ പുത്തനമ്പലം പ്ലാമണ്ണിൽ പടിഞ്ഞാറ്റേതിൽ കവിതയുടേതാണ് പഴ്സ് എന്ന് കണ്ടെത്തി.പിന്നീട് പൊലീസിൻ്റെ സാന്നിധ്യത്തിൽ ശാലിനി കവിതയ്ക്ക് പഴ്സ് കൈമാറി.






































