പുനലൂര്‍ മുക്കടവ് ആളുകേറാമല കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടു

Advertisement

പുനലൂര്‍: മുക്കടവ് ആളുകേറാമല കൊലപാതകം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഒക്ടോബര്‍ 23നാണ് റബ്ബര്‍ മരത്തില്‍ ചങ്ങല കൊണ്ട് ചുറ്റി താഴിട്ട് പൂട്ടിയ നിലയിലായില്‍ മൃതശരീരം റബ്ബര്‍ തോട്ടത്തില്‍ കണ്ടത്. നാടിനെ നടുക്കിയ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് പോലീസിന് ആശാവഹമായ നിലയില്‍ തുമ്പ് കണ്ടെത്താനായത്. കൊലപാതകം നടന്ന മുക്കടവ് ആളുകേറാമലയുടെ അടുത്തുള്ള പമ്പില്‍ നിന്നും കന്നാസില്‍ പെട്രോള്‍ വാങ്ങിയതെന്ന് സംശയിക്കുന്ന ആളുടെ ചിത്രമാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടത്.
കൊല്ലപ്പെട്ട ആളെ കണ്ടെത്തുവാനായി പോലീസ് സംഘം മറ്റുസംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന് ആശാവഹമായ തുമ്പ് ലഭിക്കുന്നത്. വലത് കൈയിലും കാലുകളിലും ചങ്ങല ചുറ്റി മരത്തിലൂടെ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു മൃതശരീരം. വസ്ത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തീകത്തിച്ച് മുഖം വികൃതമാക്കിയിരുന്നു. മൃതശരീരത്തിന് അടുത്തുനിന്ന് കീറിയ നിലയില്‍ ഒരു ബാഗും അതില്‍ ഒരു മിഠായിയും കുറച്ച് നാണയത്തുട്ടുകള്‍ ഒഴിഞ്ഞ കന്നാസ് കുപ്പി കത്രിക എന്നിവ കണ്ടെടുത്തിരുന്നു.
സ്ത്രീയോ പുരുഷനോ എന്ന് അറിയാത്ത നിലയിലായിരുന്നു ആദ്യം മൃതദേഹം കാണപ്പെട്ടത്. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ 40 നും 50 നും വയസ്സിന് ഇടയ്ക്ക് പ്രായമുള്ള മൃതശരീരം ആണെന്നും ഇടതുകാലിന് സ്വാധീനം ഇല്ലാത്ത ആളാണെന്നും മൃതശരീരത്തിന് ഏകദേശം ഒന്നരയാഴ്ചയോളം പഴക്കമുണ്ടെന്നും പോലീസ് കണ്ടെത്തി. കൊട്ടാരക്കര റൂറല്‍ എസ്പി സ്ഥലം സന്ദര്‍ശിക്കുകയും പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് അന്വേഷണം തുടര്‍ന്നു വരികയുമാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 അംഗ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന സി ഐ, എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം വഴിമുട്ടും എന്ന ഘട്ടത്തില്‍ നിന്നാണ് പോലീസിന് നിര്‍ണായക തെളിവ് ലഭിച്ചിരിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here