ശാസ്താംകോട്ട. ഭരണിക്കാവ് ട്രാഫിക് പരിഷ്കാരം അട്ടിമറിക്കാൻ രാഷ്ട്രീയ നീക്കം വീണ്ടും. സ്റ്റോപ്പുകൾ പഴയ പടിയാക്കാൻ മോട്ടോർ വാഹന വകുപ്പിന് മേലേ രാഷ്ട്രീയ സമ്മർദ്ദം. ഒരു വിഭാഗം വ്യാപാരികൾ വോട്ട് ബഹിഷ്കരിക്കൽ അടക്കമുള്ള ഭീഷണികൾ മുഴക്കിയതോടെ ഇടത് രാഷ്ട്രീയ നേതൃത്വം പുനർവിചിന്തനത്തിലേക്ക് നീങ്ങിയിരിക്കയാണ്.
ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ എം എഎ കോവൂർ കുഞ്ഞുമോനും മുൻ എംപി കെ സോമപ്രസാദും ബന്ധപ്പെട്ട് അനുകൂല നീക്കത്തിന് ശ്രമിച്ചതോടെ പുതിയ സംവിധാനം മാറ്റാൻ മന്ത്രി നടപടിക്ക് നിർദ്ദേശിച്ചിട്ടുണ്ട്.
ചക്കുവള്ളി, അടൂർ റോഡുകളിലെ സ്റ്റോപ്പു പുനസ്ഥാപിച്ചു കിട്ടണമെന്നതാണ് മുഖ്യാവശ്യം. ചവറ നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന ബസുകൾ പഴയ സ്റ്റോപ്പിൽ നിർത്തി ആളിറക്കി സ്റ്റാൻഡിൽ കയറി തിരികെ വീണ്ടും ജംക്ഷൻ ചുറ്റിപോകുന്ന തരം ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്.
ഇതെല്ലാം ആലോചിക്കാൻ പഞ്ചായത്ത് ഇന്ന് വിളിച്ച യോഗത്തിൽ പക്ഷേ മോട്ടോർ വാഹന വകുപ്പും മരാമത്ത് റോഡ് വിഭാഗവുമേ എത്തിയുള്ളു. അതോടെ യോഗം കൂടാനാവാതെ പിരിഞ്ഞു.
സത്യത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്തരമൊരു യോഗം നിയമ വിരുദ്ധമായിട്ടും രാഷ്ട്രീയ താൽപര്യം മൂലം വിളിക്കുകയായിരുന്നു
ഭരണിക്കാവിലെ നിലവിലെ ട്രാഫിക് സംവിധാനം പൊതുജനങ്ങൾ വ്യാപകമായി അനുകൂലിക്കുന്നുണ്ട്. അപകടങ്ങൾ കുറഞ്ഞതായി പൊലിസ് റിപ്പോർട്ടുമുണ്ട്.






































