ശാസ്താംകോട്ട:കുന്നത്തൂർ പഞ്ചായത്തിലെ 5 വാർഡുകളിൽ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് വിമതർ രംഗത്ത്.അടുത്തിടെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അൻപതോളം പ്രവർത്തകർ പാർട്ടി വിട്ട പ്രദേശമാണ് കുന്നത്തൂർ.പുത്തനമ്പലം 9-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സഹോദര പുത്രനും ഡിവൈഎഫ്ഐ നേതാവുമായ ആദർശ് യശോധരനാണ് ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുന്നത്.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനേഷ് ആണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി.ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ വാർഡിൽ സജീവ പ്രചരണത്തിലാണ് ആദർശ്.കുന്നത്തൂർ ഒന്നാം വാർഡിൽ സജീവ സിപിഎം പ്രവർത്തകയായ അഡ്വ.ബീന ശക്തമായ പ്രചരണവുമായി കളത്തിലുണ്ട്.സിപിഐയ്ക്ക് നൽകിയിരിക്കുന്ന ഈ സീറ്റിൽ അവരെ പരാജയപ്പെടുത്താൻ പിന്നാമ്പുറത്ത് നിന്ന് സിപിഎം ഇറക്കിയ സ്ഥാനാർത്ഥിയാണ് ഇവരെന്നും പറയപ്പെടുന്നു.രണ്ടാം വാർഡിൽ ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടിക്ക് സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് നിലവിലെ പഞ്ചായത്തംഗത്തിൻ്റെ ഭാര്യ വിമതയായി മത്സരരംഗത്തുണ്ട്.മൂന്നാം വാർഡിൽ ഡിവൈഎഫ്ഐ നേതാവാണ് വിമതനായി കളത്തിൽ നിറഞ്ഞ് നിൽക്കുന്നത്.18-ാം വാർഡിൽ കേരള
കോൺഗ്രസ് (എം)ന് സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബി.അശ്വനികുമാർ വിമതസ്ഥാനാർത്ഥിയായി മത്സരിക്കുന്നു.ഇതേ പാർട്ടിയുടെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടം ജയൻ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കുന്നത്തൂർ ഡിവിഷനിലും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.കുന്നത്തൂരിലെ അറിയപ്പെടുന്ന സിപിഎം നേതാവായ പട്ടണത്തുവിള മോഹനൻ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.തുടർന്ന് ആറ്റുകടവ് 14-ാം വാർഡിൽ ബിജെപി ടിക്കറ്റിൽ സ്ഥാനാർത്ഥിയായ ഇദ്ദേഹം സിപിഎമ്മിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.കുന്നത്തൂർ പഞ്ചായത്തിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വിഭാഗീയതയും വിമശല്യവുമാണ് ഇക്കുറി എൽഡിഎഫ് പ്രത്യേകിച്ച് സിപിഎം നേരിടുന്നത്.






































