എൽഡിഎഫിൽ കടുത്ത അവഗണന;കുന്നത്തൂരില്‍ തനിച്ച് മത്സരിക്കാൻ പത്രിക നൽകി കേരള കോൺഗ്രസ് മാണി വിഭാഗം

Advertisement

ശാസ്താംകോട്ട:തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കുന്നത്തൂർ പഞ്ചായത്തിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ച കേരള കോൺഗ്രസ് മാണി വിഭാഗം പഞ്ചായത്ത് വാർഡിലും ബ്ലോക്ക് ഡിവിഷനിലും സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക നൽകി.ശാസ്താംകോട്ട ബ്ലോക്ക് കുന്നത്തൂർ ഡിവിഷനിൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോട്ടം ജയനും പഞ്ചായത്തിലെ 18-ാം വാർഡിൽ മണ്ഡലം പ്രസിഡൻ്റ് കുന്നത്തൂർ ബി.അശ്വനി കുമാറുമാണ് മത്സര രംഗത്ത് ഉള്ളത്.ഇരുവരും പോർക്കളത്തിൽ സജീവമാണ്.കുന്നത്തൂർ പഞ്ചായത്തിൽ ഒരു വാർഡ് മാത്രമാണ് മാണി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്.എന്നാൽ എൽഡിഎഫ് യോഗത്തിൽ ഇതിനു വിരുദ്ധമായ നിലപാടാണ് സിപിഎം,സിപിഐ എന്നിവർ സ്വീകരിച്ചത്.ഘടകകക്ഷിയായിട്ടും മാണി കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങൾക്കു പോലും വില നൽകിയില്ലത്രേ.ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും മത്സരിക്കാൻ രംഗത്ത് എത്തിയത്.എത്ര സമ്മർദ്ദമുണ്ടായാലും പിന്മാറില്ലെന്ന നിലപാടിലാണ് ഇവർ.കുന്നത്തൂർ നിയോജക മണ്ഡലത്തിൽ പാർട്ടിയെ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് എൽഡിഫിലെ വല്യേട്ടന്മാർക്കുള്ളതെന്നും ഇതിൻ്റെ ഭാഗമായാണ് അർഹത ഉണ്ടായിട്ടും സീറ്റ് നിഷേധിക്കുന്നതെന്നും യൂത്ത് ഫ്രണ്ട് (എം) നേതാവ് വ്യക്തമാക്കി.കുന്നത്തൂർ,ശാസ്താംകോട്ട,കിഴക്കേ കല്ലട,മൺറോതുരുത്ത് എന്നീ പഞ്ചായത്തുകളിൽ ഒരു സീറ്റ് പോലും
കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകാൻ എൽഡിഎഫ് നേതൃത്വം തയ്യാറായില്ല.ശാസ്താംകോട്ടയിൽ രണ്ട് സീറ്റാണ് ആവശ്യപ്പെട്ടത്.ഇവിടെ സീറ്റ് വിഭജന ചർച്ചകൾക്കായി എൽഡിഎഫ് ചേരുകയും അഭിപ്രായം വ്യക്തമാക്കാൻ പോലും തങ്ങളെ അനുവദിച്ചില്ലെന്നും നേതാക്കൾ പറയുന്നു.ഇതിൽ പ്രതിഷേധിച്ച് രണ്ട് സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒടുവിൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പോലും മാണി വിഭാഗത്തിന് ക്ഷണമില്ല.കടുത്ത വിഭാഗീയത നിലനിൽക്കുന്ന ഇവിടെ
എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരെ പരസ്യമായി രംഗത്ത് ഇറങ്ങാനാണ് തീരുമാനം.അതിനിടെ കോവൂർ കുഞ്ഞുമോൻ എംഎൽഎ നേതൃത്വം നൽകുന്ന ആർഎസ്പിക്കും (ലെനിനിസ്റ്റ്) സീറ്റ് നൽകിയിട്ടില്ല.നിലവിൽ ഒരു പഞ്ചായത്ത് അംഗം ഇവർക്ക് കുന്നത്തൂരിൽ ഉണ്ടായിരുന്നിട്ടും അവഗണിക്കുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിൻ്റെ ഭാര്യ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിട്ടുണ്ട്.

Advertisement