ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വം, ഇതരസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ എഡിഎം ജി. നിര്‍മല്‍കുമാര്‍ നിര്‍ദേശിച്ചു. ചേമ്പറില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ക്ഷേത്രക്കുളത്തിന്റെ ശുചിത്വവും ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒയെ ചുമതലപ്പെടുത്തി. തുടര്‍നടപടികള്‍ക്ക് ശുചിത്വമിഷന്റെ സഹകരണത്തിനും നിര്‍ദേശിച്ചു.
തിരക്ക് കണക്കിലെടുത്ത് കുളത്തിന് ചുറ്റും സുരക്ഷാനിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ബോധവല്‍ക്കരണ നോട്ടീസുകളും വിതരണം ചെയ്യണം.
ഓച്ചിറ സ്‌പെഷ്യല്‍ പോലീസ് ഫോഴ്‌സ്, കരുനാഗപ്പള്ളി അഗ്‌നിശമന സേനാസംഘം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം എന്നിവരെ നിയോഗിച്ചു. കരുനാഗപ്പള്ളി, ചവറ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ നിന്നും പരിശോധന നടത്തണം. ക്ഷേത്രപരിസത്തെ ഭക്ഷണവിപണനകേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കുകയുംവേണം എന്ന് അറിയിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും പങ്കെടുത്തു.
































