കുന്നത്തൂരിൽ സിപിഎമ്മിൽ കലഹം;പഞ്ചായത്ത് പ്രസിഡൻ്റ് അടക്കം രാജിവെച്ചു

Advertisement

കുന്നത്തൂർ:തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ്  നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ കുന്നത്തൂർ പഞ്ചായത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വത്സലകുമാരി,സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 50 ഓളം പേർ രാജിവെച്ചു.കുന്നത്തൂർ പഞ്ചായത്തിലെ പുത്തനമ്പലം ഒൻപതാം വാർഡിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.ഇവിടെ പാർട്ടി സ്ഥാനാർത്ഥിയായി യുവനേതാവ് ആദർശ് യശോധരനെ സ്ഥാനാർത്ഥിയാക്കണമെന്ന വാർഡ് കമ്മിറ്റിയുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തിന് വിരുദ്ധമായി നേതൃത്വം നിലപാട് എടുത്തതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനേഷ് കടമ്പനാടിനെ സ്ഥാനാർത്ഥിയാക്കണം എന്നതായിരുന്നു നേതൃത്വത്തിൻ്റെ നിലപാട്.ഇതിനാൽ വാർഡിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കഴിയാത്ത അനശ്ചിതാവസ്ഥയിലായിരുന്നു സിപിഎം നേതൃത്വം.പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാർഡ് കൂടിയായതിനാൽ വിമതപക്ഷത്തിനൊപ്പം അവരും ഒപ്പം ചേർന്നത് സ്ഥിതി രൂക്ഷമാക്കി.പാർട്ടി വിട്ട ആദർശ് യശോധരനെ വിമത സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡൻ്റും മറ്റൊരു വാർഡിൽ വിമതസ്ഥാനാർത്ഥിയായി എത്തുമെന്ന് സൂചനയുണ്ട്.ഇന്നലെ മുൻ എംപിയും സിപിഎം സംസ്ഥാന നേതാവുമായ കെ.സോമപ്രസാദിൻ്റെ നേതൃത്വത്തിൽ മാരത്തോൺ ചർച്ച നടത്തിയെങ്കിലും വാർഡ് കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റിയും നിലപാടിൽ ഉറച്ചു നിന്നു.ചർച്ച പരാജയമായിരുന്നെങ്കിലും നേതൃത്വം ബിനേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.ഇതിൽ പ്രകോപിതരായാണ് പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവർ പാർട്ടി വിട്ടത്.മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം കുന്നത്തൂർ പഞ്ചായത്തിൽ സിപിഎമ്മിൽ സ്ഥിതി സ്ഫോടനാവസ്ഥയിലാണ്.ആറ്റുകടവ് വാർഡിൽസീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാവ് പട്ടണത്തുവിള മോഹനൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് കഴിഞ്ഞ ദിവസമാണ്.

Advertisement