ഭർതൃവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ;കൊലപാതകമെന്ന് ബന്ധുക്കൾ

Advertisement

ശാസ്താംകോട്ട:കൊല്ലം സ്വദേശിയായ യുവതിയെ ആലപ്പുഴയിലെ ഭർതൃവീട്ടിൽ ദുരുഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്.ആലപ്പുഴ പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് സമീപം അജിത്തിൻ്റെ ഭാര്യയും കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് പുതുപ്പറമ്പിൽ ഹൗസിൽ പ്രകാശൻ്റെ മകളുമായ രേഷ്മയെ (29) കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണവിവരം രേഷ്മയുടെ വീട്ടുകാരെ യഥാസമയം അറിയിക്കാൻ പോലും ഭർത്താവും ബന്ധുക്കളും തയ്യാറായില്ലത്രേ.സംഭവ ദിവസം നിരവധി തവണ മകളെയും മരുമകനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.കുട്ടിക്ക് സുഖമില്ലെന്നും വേഗം അറവുകാട് എത്തണമെന്നും കോതമംഗലത്തുള്ള തൻ്റെ ബന്ധു അറിയിച്ചത് അനുസരിച്ച് എത്തിയപ്പോൾ നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടതെന്നും,ഈ സമയം ഭർത്താവ് ഉൾപ്പെടെ ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും പിതാവ് പ്രകാശൻ പറയുന്നു.പോലീസും നാട്ടുകാരും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.തുടർന്ന് ആലപ്പുഴ എസ്.പിയും തഹസീൽദാരും എത്തുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രേഷ്മയുടെ മൃതദേഹം ശൂരനാട്ടെ വീട്ടിലെത്തിച്ചപ്പോൾ അന്ത്യകർമ്മങ്ങളിൽ പോലും ഭർത്താവും കുടുംബവും പങ്കെടുത്തില്ല.അന്ത്യകർമ്മങ്ങൾ ചെയ്യാൻ മകനെ വിട്ടുനൽകാൻ ഭർതൃവീട്ടുകാർ ആദ്യം തയ്യാറായിരുന്നില്ല.പോലീസുമായി ധാരണയുണ്ടാക്കിയ ശേഷമാണ് രാത്രി 11 മണിക്ക് തന്നെ തിരിച്ച് നൽകണം എന്ന വ്യവസ്ഥയിൽ കുട്ടിയെ എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു.ഭർതൃവീട്ടിലെ കൊടിയ പീഡനവും ഭർത്താവിൻ്റെ വഴിവിട്ട ബന്ധങ്ങളുമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.​രേഷ്മ എഴുതിയ കത്തുകൾ,വോയിസുകൾ,ഫോൺ കോളുകൾ എന്നിവയിലെല്ലാം ഭർതൃ വീട്ടിലെ കൊടിയ പീഡനങ്ങൾ വിവരിക്കുന്നുണ്ട്.ഭർത്താവിൻ്റെ വഴിവിട്ട ബന്ധങ്ങൾ തെളിവുസഹിതം പലതവണ
രേഷ്മ പിടികൂടിയിരുന്നു എന്നും വീട്ടുകാർ ആരോപിക്കുന്നു.മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റ് കൂടിയായിരുന്ന രേഷ്മയ്ക്ക് ഭക്ഷണം പോലും നൽകിയിരുന്നില്ല.വിവാഹ ബന്ധം വേർപ്പെടുത്തി പോകണമെന്നും അല്ലാത്തപക്ഷം നായയെ പോലെ കഴിയേണ്ടി വരുമെന്നും ഭർത്താവ് ഭീഷണി മുഴക്കുമായിരുന്നുവത്രേ.എന്തു സംഭവിച്ചാലും ഒരിക്കലും താൻ ആത്മഹത്യ ചെയ്യില്ലെന്ന് മകൾ പറഞ്ഞിട്ടുണ്ടെന്നും ഇതിനാലാണ് ദൂരുഹത ആരോപിക്കുന്നതെന്നും പിതാവ് വ്യക്തമാക്കി.രേഷ്മയുടെ കൊലയാളികൾ ഭർത്താവും കുടുംബവുമാണ് എന്നതിൽ യാതൊരു സംശയവുമില്ലെന്നും സംഭവത്തിൽ
സമഗ്രാന്വേഷണം നടത്തി ആരോപണ വിധേയർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Advertisement