കാഴ്ചവൈകല്യമുള്ള പുരോഹിതന്റെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍

Advertisement

കുളത്തൂപ്പുഴ: കാഴ്ചവൈകല്യമുള്ള ക്രിസ്ത്യന്‍ പുരോഹിതനില്‍ നിന്ന് പണം തട്ടിയെടുത്ത പ്രതി കുളത്തൂപ്പുഴ പോലീസിന്റെ പിടിയില്‍. പാലോട് ഇടിഞ്ഞാര്‍ പ്രശാന്ത് ഭവനില്‍ പ്രശാന്ത്കുമാര്‍ (35) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 25ന് ആയിരുന്നു സംഭവം. തിരുവല്ല സ്വദേശിയായ പുരോഹിതനായ ജോണ്‍ കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് വന്ന ശേഷം തിരികെ പോകാന്‍ കുളത്തൂപ്പുഴയില്‍ ബസ് കാത്തുനില്‍ക്കവേ പ്രതിയായ പ്രശാന്തിനോട് ബസ് വിവരം തിരക്കി. കാഴ്ച വൈകല്യമുള്ള ആളാണെന്ന് മനസ്സിലാക്കി പ്രതി തന്ത്രപൂര്‍വം ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് ജനവാസം കുറവുള്ള ഇടറോഡിലേക്ക് കൊണ്ടുപോയി തള്ളിയിട്ട് മര്‍ദിക്കുകയും 7000 രൂപ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ അടങ്ങിയ ബാഗും തട്ടിപ്പറിച്ച് കടന്നുകളയുകയുമായിരുന്നു.
തുടര്‍ന്ന് ടാപ്പിങ് ജോലി ചെയ്യുന്ന റോസുമലയിലേക്ക് ഉള്ള യാത്രയില്‍ ബാഗ് നെടുവണ്ണൂര്‍ക്കടവ് വനമേഖലയില്‍ ഉപേക്ഷിച്ചു. മര്‍ദ്ദനമേറ്റ് വഴിയില്‍ കിടന്ന പുരോഹിതന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുളത്തൂപ്പുഴ പോലീസില്‍ വിവരമറിയിച്ചു. കുളത്തൂപ്പുഴ എസ്എച്ച്ഒ ബി. അനീഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ ഷിജു, വിനോദ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisement